
കടയ്ക്കാവൂർ :ആശാൻ കൃതികളും ആശാന്റെ കാലത്തെ ചരിത്രവും വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കായിക്കര ആശാൻ സ്മാരകമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ സംഘടിപ്പിച്ച കുമാരനാശാന്റെ 150ാംജന്മദിനാഘോഷ സമ്മേളനം കായിക്കര ആശാൻ സ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആശാന്റെയും അഞ്ചുതെങ്ങിന്റെയും ചരിത്രവും പാരമ്പര്യവും വരും തലമുറകൾക്ക് പകർന്നു നൽകുന്ന ഒരിടമാക്കി കായിക്കര ആശാൻ സ്മാരകം മാറ്റാനുള്ള എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. കെ. സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാരം അഡ്വ : സോണിയ ഷിനോയിക്ക് മന്ത്രി സമ്മാനിച്ചു. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഗവേർണിംഗ് ബോഡി അംഗമായിരിക്കെ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എ.എ. റഹീമിനെ മന്ത്രി അനുമോദിച്ചു.
ആശാൻ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന ആശാൻ ശതോത്തര കനക ജൂബിലി ജന്മ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. കുമാരനാശാൻ തന്റെ കവിതകളെ സമൂഹത്തിലെ അനീതികൾക്കെതിരെയുള്ള ചാട്ടവാറാക്കിയ കവിയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആശാൻ സ്മാരക ഗവേർണിംഗ് ബോഡി വർക്കിംഗ് പ്രസിഡന്റ് അഡ്വ :ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: വി.എ. വിജയ അവാർഡ് നിർണ്ണയ സമിതിയുടെ റിപ്പോർട്ട് സമർപ്പണവും അവാർഡ് കൃതി പരിചയപ്പെടുത്തലും നടത്തി. ഏഴാച്ചേരി രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. വി. ശശി. എം. എൽ. എ, ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ്, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് ലിജാ ബോസ്, കുമാരനാശാന്റെ പൗത്രി നളിനി വിജയരാഘവൻ,ഡോ :ബി. ഭുവനേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയാ ശ്രീരാമൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജി സുന്ദർ, ദിവ്യാ ഗണേഷ്, ആശാൻ മെമ്മോറിയാൽ അസോസിയേഷൻ ഗവേർണിംഗ് ബോഡി അംഗങ്ങളായ കരവാരം രാമചന്ദ്രൻ, സി. വി. സുരേന്ദ്രൻ, ഉണ്ണി ആറ്റിങ്ങൽ, ശ്യാമ പ്രകാശ്,ഡി. ശ്രീകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ വി. ലൈജു സ്വാഗതവും റെജി കായിക്കര നന്ദിയും പറഞ്ഞു.