
ആറ്റിങ്ങൽ: ബുൾഡോസറുകൾ ഉപയോഗിച്ച് മതന്യൂനപക്ഷങ്ങളെ തുടച്ചു നീക്കാനുള്ള ആർ.എസ്.എസ് ശ്രമമാണ് നടക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എം.പി. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമ നവമിയുടെ മറവിൽ ഇപ്പോഴാണ് ആസൂത്രിത കലാപങ്ങൾ വ്യാപകമാകുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. ഇത്തരം വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ആർ.എസ്.എസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.വിനീത് അദ്ധ്യക്ഷത വഹിച്ചു. വി.അനൂപ് രക്തസാക്ഷി പ്രമേയവും എ.എ.അൻസാരി, പ്രതിൻ സാജ്, വി.എസ്.ശ്യാമ, സിന്ധു എന്നിവർ അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു. വി.ജോയ് എം.എൽ.എ, ഒ.എസ്.അംബിക എം.എൽ.എ, ആർ.രാമു, വി.കെ.സനോജ്, എസ്.കെ.സജീഷ്, എം.വിജിൻ, എസ്.ആർ.അരുൺ ബാബു, വി.എ.വിനീഷ്, ബി.പി.മുരളി, അഡ്വ.ശൈലജ ബീഗം എന്നിവർ സംസാരിച്ചു.