1

വിഴിഞ്ഞം: കോസ്റ്റൽ പൊലീസ് സ്റ്റേഷനോടനുബന്ധിച്ച് ബർത്തിനുള്ള ടെൻഡർ നടപടികൾ ഉടനെന്നു നിർമ്മാണ ചുമതലയുള്ള ഹാർബർ എൻജിനിയറിംഗ് അധികൃതർ പറഞ്ഞു. കോസ്റ്റൽ പൊലീസ് പട്രോൾ ബോട്ടുകൾ നിലവിൽ കെട്ടിയിടാൻ സൗകര്യമില്ല. സ്റ്റേഷൻ മന്ദിരത്തിനു മുന്നിലെ തീരഭാഗത്താണ് 25 മീറ്റർ നീളത്തിലും രണ്ടു മീറ്റർ വീതിയിലുമുള്ള ബർത്ത് നിർമിക്കുന്നത്. ബർത്തുമായി ബന്ധപ്പെട്ട് അപ്രോച്ച് സ്ലാബും ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. 60 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സാങ്കേതിക അനുമതിയായാൽ ഈ മാസം തന്നെ ടെൻഡർ ക്ഷണിക്കുമെന്ന് ഹാർബർ എൻജിനിയറിംഗ് വകുപ്പ് എക്സി. എൻജിനിയർ അനിൽകുമാർ അറിയിച്ചു. ഇതു കൂടാതെ ജീവൻരക്ഷാ ഉപകരണങ്ങളടക്കം സൂക്ഷിക്കുന്നതിനുള്ള സൗകര്യത്തിനായി ചെറിയ മുറിയും ബർത്തിനോട് ചേർന്ന് നിർമ്മിക്കും. വിഴിഞ്ഞത്ത് കോസ്റ്റൽ പൊലീസിന് രണ്ട് ബോട്ടുകളാണുള്ളത്. അതിൽ ഒന്ന് പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നൽകിയെങ്കിലും അവിടെ സൗകര്യമില്ലാത്തതിനാൽ ആ ബോട്ടും വിഴിഞ്ഞത്താണ് നങ്കൂരമിട്ടിരിക്കുന്നത്.

പുതിയ വാർഫിന് സമീപം മുങ്ങിയ ടഗ്ഗ് ഉയർത്താൻ ഇതുവരെയും നടപടിയായില്ല. ഇതോടെ തീരസംരക്ഷണ സേനയുടെ ബർത്ത് നിർമ്മാണം പൈലിംഗിൽ തന്നെ ഒതുങ്ങിയ നിലയിലാണ്. 2015ൽ ഇന്ധനച്ചോർച്ചയെ തുടർന്ന് വാർഫിനു സമീപമുണ്ടായിരുന്ന ടഗ്ഗ് പിന്നീട് കടലിൽ മുങ്ങുകയായിരുന്നു. 2018ൽ ആണ് മുങ്ങിയത്. ഉയർത്തുന്ന കാര്യത്തിൽ അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല.

വലിയ കപ്പലുകൾ അടുപ്പിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുള്ള ബർത്ത് നിർമ്മിക്കാനാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ ബ്രഹ്മേക്ഷര എന്ന ടഗ്ഗ് മാറ്റാൻ കഴിയാത്തതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് കോസ്റ്റ് ഗാർഡിന്റെ ബർത്ത്നിർമ്മാണം അനിശ്ചിതത്വത്തിലായി.


തെക്കുപടിഞ്ഞാറൻ മേഖലയിലെ തന്ത്രപ്രധാന സ്ഥലമെന്ന നിലയിൽ വിഴിഞ്ഞത്തെ സുരക്ഷ ഗൗരവമായാണ് കേന്ദ്രം കാണുന്നത്. ഇതിന്റെ മുന്നോടിയായിട്ടാണ് കോസ്റ്റ് ഗാർഡിന്റെ സുരക്ഷാകപ്പലുകൾ അടുപ്പിക്കാൻ ബർത്ത് നിർമ്മിക്കുന്നത്.

ബർത്ത് നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചെങ്കിലും നിർമ്മാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. നാലു വർഷം മുമ്പ് ഏഴ് കോടി രൂപ ചെലവിൽ ബർത്ത് നിർമ്മിക്കാൻ നടപടികൾ പൂർത്തിയാക്കി നിർമാണോദ്ഘാടനം നടത്തിയിരുന്നു.