വെഞ്ഞാറമൂട്: ബസ് പിന്നോട്ടെടുക്കുന്നതിനിടെ വീട്ടമ്മയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. പോത്തൻകോട് അണ്ടൂർക്കോണം ബി.വി. ഭവനിൽ ശോഭനയ്‌ക്കാണ് ( 51 ) പരിക്കേറ്റത്. വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം.

കാരേറ്റ് താമസിക്കുന്ന മകളുടെ വീട്ടിൽ പോയശേഷം തിരികെ വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് അപകടം. വെഞ്ഞാറമൂട്ടിൽ നിന്ന് കല്ലറയിലേക്ക് പോകാൻ സ്റ്റാൻഡിൽ നിന്നെടുത്ത ബസ് തട്ടി ശോഭന നിലത്തുവീണു. അവിടെയുണ്ടായിരുന്നവർ ബഹളംവച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് പുറകോട്ടെടുത്തപ്പോൾ കാലിലൂടെ ടയർ കയറിയിറങ്ങുകയായിരുന്നു. ശോഭനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.