adharichu

മലയിൻകീഴ്: സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 31-ാം വാർഷികത്തിന്റെ ഭാഗമായി ഫുൾമാർക്ക് നേടിയ ജെയിംസിനെ ആദരിച്ചു. 104 വയസുള്ള വിളപ്പിൽശാല ചൊവ്വള്ളൂർ ജീജു ഭവനിൽ ജെയിംസിനാണ് ഇക്കഴിഞ്ഞ 27ന് സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ പഠ്ന ലിഖ്ന അഭിയാൻ പദ്ധതി പ്രകാരം നടത്തിയ സാക്ഷരതാ മിഷന്റെ പരീക്ഷയിൽ 150 മാർക്കിൽ 150തും ലഭിച്ചത്.

കണ്ണട വയ്ക്കാതെയാണ് ജെയിംസ് ഉത്തരം എഴുതിയും ശരി അടയാളമിട്ടും, മൂന്ന് മണിക്കൂർ ദൗർഘ്യമുള്ള പരീക്ഷ എഴുതിയത്.

വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂർ വാർഡിലെ സൂസി, കുമാരി ഹെപ്സിയറ്റ് മണി എന്നിവരായിരുന്നു പ്രേരക്മാർ. വിളപ്പിൽ ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് ഇദ്ദേഹത്തേ ആദരിച്ചത്. വിളപ്പിൽ കടമ്പനാട് സി.എസ്.ഐ ചർച്ച് ഹാളിൽ ചേർന്ന ആദരിക്കൽ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഐ.ബി.സതീഷ്,​ ജി.സ്റ്റീഫൻ എന്നിവർ ചേർന്ന് ജെയിംസിനെ ഷാൾ അണിയിച്ച് ആദരിച്ചു. 81 വയസുള്ള എം.സിസിലിയെയും ആദരിച്ചു.

ജില്ലാ പഞ്ചായത്തിന്റെ ആദരവും നൽകി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ,വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലിമോഹൻ,വിളപ്പിൽ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ എസ്.ബിന്ദു,നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം രേണുക,വാർഡ് അംഗം ചന്ദ്രബാബു,ജില്ലാ സാക്ഷരതാമിഷൻ കോ-ഓർഡിനേറ്റർ റ്റോജോ ജേക്കബ്,അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ബി.സജീവ്, നോഡൽ പ്രേരക് കസ്തൂരി, സൂസി,ഹെപ്സിലെറ്റ് റാണി എന്നിവർ സംസാരിച്ചു.