തിരുവനന്തപുരം: പെയിന്റിംഗ് ജോലിക്കിടെ ഷോക്കേറ്റ് വലതുകൈ പൂർണമായി നഷ്ടപ്പെട്ട പെയിന്റിംഗ് തൊഴിലാളി പേയാട് ചെറുകോട് ചെറ്റടിത്തലക്കൽ വീട്ടിൽ അനിൽകുമാറിന് പത്തുലക്ഷം രൂപയുടെ സഹായം നൽകാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. ഇന്ന് വൈകിട്ട് 5ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി അനിൽകുമാറിന്റെ വീട്ടിലെത്തി തുക കൈമാറും. എം.എൽ.എ ഐ.ബി.സതീഷ് പങ്കെടുക്കും. കഴിഞ്ഞ വർഷം സെപ്തംബർ 14നാണ് മലയിൻകീഴ് കോളച്ചിറയിൽ പെയിന്റിംഗ് ജോലിക്കിടെ കോണി വഴുതി 11കെ.വി വൈദ്യുതി ലൈനിലേക്ക് വീണ് അനിൽകുമാറിന് ഷോക്കേറ്റത്. അനിൽകുമാറും ഭാര്യയും ബധിരരും മൂകരുമാണ്. വിദ്യാർത്ഥിനികളായ രണ്ട് പെൺമക്കളുമുണ്ട്. അനിൽകുമാറിന് രണ്ടുലക്ഷം രൂപയുടെ സഹായവും പെൺകുട്ടികൾക്കായി നാലുലക്ഷം രൂപ വീതവുമാണ് നൽകുന്നത്.