prathishedham

കല്ലമ്പലം: കുടവൂരിൽ പൊതുവിതരണ കേന്ദ്രം (എ.ആർ.ഡി 113) റദ്ദുചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.സപ്തതി നിറവിൽ പ്രവർത്തിച്ചുവരുന്ന റേഷൻകട അടച്ചു പൂട്ടുന്നതിനെതിരെ കാർഡുടമകളും പൊതുപ്രവർത്തകരും പ്രതിഷേധിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടപടികൾ നിറുത്തിവച്ച് മടങ്ങി.

ക്രമകേടുകളെ തുടർന്ന് അധികൃതരുടെ നിർദ്ദേശപ്രകാരം 2011ൽ നഫീസാബീവിയുടെ പേരിലുള്ള ലൈസൻസ് റദ്ദുചെയ്ത് മറ്റൊരു ലൈസൻസിയുടെ കീഴിൽ റേഷൻകട സബ് ഡിപ്പോയായി പ്രവർത്തിച്ചു വരികയായിരുന്നു. ലൈസൻസിയുടെ മകൻ അനന്തരാവകാശം ലഭിക്കുന്നതിനുവേണ്ടി ഹൈക്കോടതിയിൽ കൊടുത്ത കേസ് അദ്ദേഹത്തിന് പ്രതികൂലമായി വിധി വന്നു. തുടർന്ന് ഡിപ്പോയുടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് ഉദ്യോഗസ്ഥർ എത്തിയത്. നടപടികൾ ആരംഭിച്ചപ്പോൾത്തന്നെ കാർഡുടമകൾ എത്തുകയും വാർഡ്‌ മെമ്പർ രോഹിണിയുടെ നേതൃത്വത്തിൽ പുതിയ നോട്ടിഫിക്കേഷൻ വരുന്നതുവരെ ഡിപ്പോയുടെ തൽസ്ഥിതി തുടരണമെന്ന ആവശ്യത്തെ തുടർന്ന് ഉദ്യോഗസ്ഥർ നടപടി നിറുത്തി വയ്ക്കുകയും മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഡിപ്പോ നിലനിറുത്തി കാർഡുടമകളുടെ സൗകര്യാർത്ഥം റേഷൻ സാധനങ്ങൾ വാങ്ങുന്നതിന് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകുമെന്ന് മെബർ രോഹിണി കാർഡുടമകൾക്ക് ഉറപ്പ് നൽകി.