വിഴിഞ്ഞം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആസാം സ്വദേശി ബോലോറാം സാഹുനെയാണ് (25) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 1നായിരുന്നു സംഭവം.
കാർഷിക കോളേജിന് സമീപത്തെ വീട്ടിലാണ് പ്രതി അതിക്രമിച്ച് കയറിയത്. വാ പൊത്തിപ്പിടിക്കുന്നതിനിടെ വൃദ്ധ കൈയിൽ കടിച്ചതിനെ തുടർന്ന് അക്രമി ഇവരെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വീടിന്റെ പിൻ വാതിൽ വഴി ഉള്ളിൽ കടന്നാണ് വൃദ്ധയെ ഉപദ്രവിച്ചത്. പ്രദേശത്ത് കരിക്ക് കച്ചവടം നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.
സ്റ്റേഷൻ ഹൗസ് ഓഫീസർ ഗോപി, എസ്.ഐമാരായ കെ.ആർ. സതീഷ്, ഗ്രേഡ് എസ്.ഐമാരായ മനോഹരൻ, ഗിരീഷ് കുമാർ, സി.പി.ഒമാരായ രമ ജോസ്, ആർ.എസ്. രാജീവ്, ആർ.രാജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.