
വിതുര: മരത്തിൽ നിന്ന് വീണ് നട്ടെല്ല് തകർന്ന് ദുരിതമനുഭവിക്കുന്ന സഹപാഠിക്ക് വീൽചെയർ വാങ്ങി നൽകി പൂർവ വിദ്യാർത്ഥി കൂട്ടായ്മ. ഒരു ലക്ഷം രൂപ മുടക്കിയാണ് വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ 1987-88 എസ്.എസ്.എൽ.സി ബാച്ചിലെ കൂട്ടായ്മയായ ഒരുവട്ടംകൂടിയിലെ അംഗങ്ങൾ സഹപാഠിയായ സുരേഷ് കുമാറിന് വൈദ്യുതി വീൽചെയർ വാങ്ങി നൽകിയത്.
സുരേഷ് കുമാർ 2026ൽ മാങ്ങ പറിക്കാൻ മാവിൽ കയറിയപ്പോൾ കൊമ്പ് ഒടിഞ്ഞ് തറയിൽ വീണ് നട്ടെല്ല് തകർന്ന് അരയ്ക്ക് താഴെ പൂർണമായി തളർന്നു. ചികിത്സ നടത്തിയെങ്കിലും കിടന്ന കിടപ്പിൽ നിന്ന് എഴുന്നേൽക്കാനായില്ല.
ജീവിതം ദുരിതപൂർണമായതിനെ തുടർന്ന് പാലിയേറ്റീവ് കെയർ യൂണിറ്റുമായി ബന്ധപ്പെട്ട് കുട നിർമ്മാണം പഠിച്ചു. കുടകൾ നിർമ്മിച്ചുനൽകുമ്പോൾ ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് സുരേഷ് മരുന്നും കുടുംബ ചെലവും നോക്കിയിരുന്നത്.
തുടർന്നാണ് ഒരുവട്ടംകൂടി പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റും എക്സൈസ് ഇൻസ്‌പെക്ടറുമായ പി.ആർ. രഞ്ജിത്തും, സെക്രട്ടറി ശ്രീനിവാസൻപിള്ള, അയ്യപ്പൻ, ശിവൻകുട്ടി, ജയകുമാർ, ജലജ, സിന്ധു എന്നിവർ ചേർന്ന് ഒരു ലക്ഷം രൂപ സമാഹരിച്ച് സുരേഷ് കുമാറിന് ഇലക്ട്രിക് വീൽചെയർ വാങ്ങി നൽകിയത്.