
വെമ്പായം: സംസ്ഥാന പാതയിൽ ഒരു ദശാബ്ദത്തോളമായി ഒരു വികസനവുമില്ലാത്ത ഏക റോഡാണ് മണ്ണന്തല - വെഞ്ഞാറമൂട് റോഡ്. മണ്ണന്തല മുതൽ വെഞ്ഞാറമൂട് വരെയുള്ള 18 കിലോമീറ്റർ ഭാഗത്ത് റോഡിന്റെ വീതി കൂട്ടുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തിട്ടില്ല. ഇത് കാരണം ഗതാഗതക്കുരുക്കും അപകടവും പതിവാണ്.
മണ്ണന്തല മുതൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്താണ് പ്രധാനമായും ഗതാഗതകുരുക്ക് ഉണ്ടാകുന്നത്. കേശവദാസപുരത്ത് നിന്നാരംഭിക്കുന്ന സംസ്ഥാന പാതയിൽ മണ്ണന്തല ജംഗ്ഷൻ വരെയാണ് നാലുവരിപാത ഉള്ളത്. തുടർന്ന് വെഞ്ഞാറമൂട് എത്തിയാൽ മാത്രമേ വീണ്ടും നാലുവരി പാതയുള്ളു. ഇതിനിടയിലുള്ള വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, പിരപ്പൻകോട് എന്നീ ജംഗ്ഷനുകളിൽ യാത്രക്കാർക്ക് നിത്യവും മണിക്കൂറുകൾ കുരുങ്ങി കിടക്കേണ്ട അവസ്ഥയാണുള്ളത്. വട്ടപ്പാറ എൽ.എം.എസ് സ്കൂൾ, ലൂർദ് മൗണ്ട് സ്കൂൾ, കന്യാകുളങ്ങര ഗവ. ബോയ്സ്, ഗേൾസ് സ്കൂളുകൾ, തൈക്കാട് സ്കൂൾ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രി കന്യാകുളങ്ങര താലൂക്ക് ആശുപത്രി, കരകുളം പ്രാഥമികാരോഗ്യകേന്ദ്രം വട്ടപ്പാറ പൊലീസ് സ്റ്റേഷൻ എന്നിവ ഈ പാതയോരത്താണ്. സ്കൂൾ, ഓഫീസ് സമയങ്ങളിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ നിറുത്തിയിടേണ്ട അവസ്ഥയാണ്. ജില്ലയിലെ പ്രധാന കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് കിളിമാനൂർ, കൊട്ടാരക്കര, കോട്ടയം തുടങ്ങിയ സർവീസുകൾ പോകുന്ന പാതയുടെ ഭാഗമാണ് അവഗണിക്കപ്പെട്ട് കിടക്കുന്നത്.
കുത്തനെയുള്ള വളവുകളും വീതികുറഞ്ഞ റോഡും ഗതാഗതകുരുക്കിന് പ്രധാനകാരണമാണ്. വീതികുറഞ്ഞ റോഡിലൂടെ വളവുതിരിഞ്ഞുവരുന്ന വാഹനങ്ങൾ റോഡിന്റെ മറുവശത്ത് പോയിട്ടാണ് അപകടങ്ങൾ ഉണ്ടാകുന്നത്. വട്ടപ്പാറ അമ്പല നഗറിലെ വളവ്, കണക്കോട് തണ്ണിപ്പാറവളവ്, വില്ലേജ് ഓഫീസിന് മുൻപിലത്തെ വളവ്, പിരപ്പൻകോട് ജംഗ്ഷനിലെ വളവ് എന്നിവിടങ്ങളിലാണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്.