
നെയ്യാറ്റിൻകര: അരുവിപ്പുറം - പാഞ്ചിക്കാട് റോഡിലൂടെയുള്ള ജനങ്ങളുടെ അപകടയാത്രയ്ക്ക് അറുതിയില്ല. റോഡിന്റെ കരയിടിഞ്ഞ് നെയ്യാറിലേക്ക് മറിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നവീകരണം നടത്താൻ അധികൃതർ ഇതുവരെ വേണ്ട നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. റോഡിന്റെ വശത്തായി സ്ഥാപിച്ച താത്കാലിക അപകടമുന്നറിയിപ്പ് ബോർഡും ഇപ്പോൾ തകർന്ന് നെയ്യാറിൽ പതിച്ചതോടെ മരണഭയത്താലാണ് വാഹന, കാൽനട യാത്രക്കാർ കടന്നുപോകുന്നത്. റോഡിന്റെ അറ്റകുറ്റപ്പണി ഇനിയും തുടങ്ങാത്തതിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ഒക്ടോബറിലാണ് കനത്ത മഴയിൽ റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞ് നെയ്യാറിലേക്ക് മറിഞ്ഞത്. അതിന് തൊട്ടുമുൻപ് റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് നെയ്യാറിലേക്ക് പതിച്ചിരുന്നു. തുടർന്ന് കുടിവെള്ള പൈപ്പ് ലൈനുകളെല്ലാം പൊട്ടി പ്രദേശത്തെ കുടിവെള്ള വിതരണവും തടസപ്പെട്ടിരുന്നു. തുടർന്നുണ്ടായ മഴയിലാണ് റോഡിന്റെ പകുതിയോളം തകർന്നത്.
അരുവിപ്പുറം ക്ഷേത്രം വഴി നെയ്യാറ്റിൻകരയ്ക്കും തിരിച്ചും എത്തിച്ചേരാനുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്. നെയ്യാറിന് സമാന്തരമായിട്ടാണ് അരുവിപ്പുറം ക്ഷേത്രത്തിൽ നിന്ന് പാഞ്ചിക്കാട്, അറകുന്ന് കടവ് പാലം വഴി നെയ്യാറ്റിൻകരയിലേക്കുള്ള ഈ റോഡുള്ളത്.
നിരന്തരമുള്ള പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്ന് 4 വർഷം മുമ്പാണ് രണ്ടരക്കോടി രൂപ ചെലവിൽ അരുവിപ്പുറം - പാഞ്ചിക്കാട് റോഡ് യാഥാർത്ഥ്യമാക്കിയത്. നെയ്യാറിൽ വെള്ളം പൊങ്ങുന്നതിനനുസരിച്ച് റോഡിന്റെ വശങ്ങൾ തകരുന്നത് ഇവിടെ പതിവാണ്. പാർശ്വഭിത്തി ഇടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിരുന്നെങ്കിലും റോഡിന്റെ ഒരു വശത്തുകൂടെ ചെറുവാഹനങ്ങൾ സഞ്ചരിക്കാറുണ്ട്.
ഇപ്പോൾ റോഡിന്റെ മുക്കാൽഭാഗത്തോളം നെയ്യാറിലേക്ക് മറിഞ്ഞനിലയിലാണ്. മണ്ഡലത്തിൽ റോഡ് നവീകരണത്തിനടക്കം വിവിധ വികസന പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചെങ്കിലും പ്രളയത്തിൽ തകർന്ന് അരുവിപ്പുറം-പാഞ്ചിക്കാട് റോഡിനെ അധികൃതർ അവഗണിക്കുന്നതിനെതിരെ വകുപ്പ് മേധാവികൾക്കടക്കം പ്രദേശവാസികൾ പരാതി നൽകിയിട്ടും പരിഹാരമൊന്നുമുണ്ടായില്ല. ഇടയ്ക്കിടെ പെയ്യുന്ന വേനൽ മഴയിൽ റോഡിന്റെ സ്ഥിതി കൂടുതൽ അപകടത്തിലായിക്കൊണ്ടിരിക്കുന്നതിനാൽ കാലവർഷത്തിന് മുമ്പെങ്കിലും റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.