
കല്ലമ്പലം: കല്ലമ്പലത്തും പരിസര പ്രദേശങ്ങളിലും ഒട്ടുമിക്ക ബി.എസ്.എൻ.എൽ ലാൻഡ് ഫോണുകളും ബ്രോഡ്ബാൻഡ് കണക്ഷനുകളും പ്രവർത്തനരഹിതമാണ്. കാലപ്പഴക്കം ചെന്ന ലാൻഡ് ലൈൻ ഫോണുകൾ കേടായാൽ പുതിയത് മാറ്റി നൽകാതെ മറ്റാരുടെയെങ്കിലും നന്നാക്കി വച്ചിരിക്കുന്ന ഫോണാണ് നൽകുന്നതെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ഇതിന് ഒരുമാസം പോലും ആയുസുണ്ടാകില്ല. ഭൂരിഭാഗം ആളുകളും ലാൻഡ് ലൈൻ ഫോണുകൾ ഒഴിവാക്കിത്തുടങ്ങി.
മാവിൻമൂട്ടിൽ റോഡ് അരികിൽ സ്ഥാപിച്ചിരുന്ന ബി.എസ്.എൻ.എൽ ലൈൻ കണക്ടിംഗ് ബോക്സ് തകർന്ന് വീണിട്ട് മാസങ്ങൾ കഴിഞ്ഞു. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും എടുത്തുമാറ്റാനോ സ്ഥാപിക്കാനോ നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചെമ്മരുതി പഞ്ചായത്ത് ആറാം വാർഡിന്റെയും നാവായിക്കുളം പഞ്ചായത്തിലെ 15 -ാം വാർഡിന്റെയും അതിർത്തി ഭാഗമായ മാവിൻമൂട് പാണന്തറയിൽ സ്ഥാപിച്ചിരുന്ന ബോക്സാണ് നിലംപതിച്ചത്. ബോക്സ് റോഡിന് കുറുകെ നിലം പതിച്ച് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായപ്പോൾ നാട്ടുകാരുടെ പരാതിയിൽ കല്ലമ്പലം ഫയർ ഫോഴ്സെത്തി മാറ്റി ഇടുകയായിരുന്നു. തകർന്ന് വീണ കണക്ടിംഗ് ബോക്സ് പൂർവ സ്ഥിതിയിൽ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.