പാറശാല: തദ്ദേശഭരണസ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്.) പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ഇഗവേർണൻസ് ഹെൽപ് ഡെസ്‌ക് പാറശാല ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു.ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് പ്രസിഡന്റ് മഞ്ജുസ്മിത ഉദ്ഘാടനം ചെയ്തു.മിതമായ നിരക്കിൽ, സർക്കാർ സേവനങ്ങൾ കാലതാമസമില്ലാതെ ജനങ്ങളിലെത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ ഫണ്ട് വിനിയോഗിച്ച് പ്രവർത്തനം ആരംഭിച്ച ഹെൽപ് ഡെസ്‌കിൽ ഇന്റർനെറ്റ്, സ്‌കാനിംഗ്, ഫോട്ടോസ്റ്റാറ്റ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.പ്രവർത്തി ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഹെൽപ് ഡെസ്‌കിന്റെ പ്രവർത്തനം. പാറശാല ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ആർ.ബിജു, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി ഗോപകുമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.