തിരുവനന്തപുരം: നഗരപാത വികസന പദ്ധതിയുടെ ഒന്നാം ഘട്ടത്തിലുൾപ്പെടുത്തി 2007ൽ പണിതീർത്ത് ഗതാഗതത്തിന് തുറന്ന റോഡുകളിൽ ബി.ഒ.ടി വ്യവസ്ഥപ്രകാരം ആരംഭിച്ച നവീകരണം ജൂലായ് മാസം പൂർത്തിയായേക്കും. സിറ്റി റോഡ്സ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ ഭാഗമായ തിരുവനന്തപുരം റോഡ് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡിന്റെ (ടി.ആർ.ഡി.സി.എൽ) കീഴിലുള്ള 14 കിലോമീറ്റർ റോഡിൽ ആഴ്ചകൾക്ക് മുമ്പാണ് നവീകരണം ആരംഭിച്ചത്.

2007 മുതൽ 2016വരെ നാലുഘട്ടങ്ങളിലായി നിർമ്മാണം നടത്തിയ 42 കിലോമീറ്റർ റോഡിൽ ആദ്യഘട്ടത്തിൽ പണി പൂർത്തിയാക്കിയ റോഡുകൾ പതിനഞ്ച് വ‌ർഷം പിന്നിടുമ്പോൾ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി തിരികെ നൽകണമെന്ന ബി.ഒ.ടി കരാർ പാലിക്കാനാണ് നവീകരണം. 42 കിലോമീറ്റർ റോഡ് പരിപാലിക്കുന്നതിന് പ്രതിവർഷം 35 കോടി രൂപയാണ് രണ്ട് തവണയായി സർക്കാർ ടി.ആർ.ഡി.സി.എല്ലിന് നൽകുന്നത്.

2007 ജൂണിൽ തുറന്ന് നൽകിയ റോഡുകൾ വ്യവസ്ഥ പ്രകാരം 2022 ജൂണിൽ ടി.ആർ.ഡി.സി.എൽ നവീകരിച്ച് കേരള റോഡ് ഫണ്ട് ബോർ‌ഡ് മുഖാന്തരം പൊതുമരാമത്ത് വകുപ്പിന് തിരികെ നൽകണമെന്നാണ് ചട്ടം. എങ്കിൽ മാത്രമേ റോഡ് പരിപാലനത്തിന് ടി.ആർ.ഡി.സി.എല്ലിന് എഗ്രിമെന്റ് പ്രകാരമുള്ള ബാക്കി തുക സർക്കാർ അനുവദിക്കൂ.

നടക്കുന്നത്

നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ മുകളിൽ റബ്ബറൈസ്ഡ് ചെയ്ത പാളി നീക്കംചെയ്യുന്ന ജോലിയാണ് ആരംഭിച്ചത്. തുട‌ർച്ചയായുണ്ടായ വേനൽ മഴ നവീകരണ പ്രവ‌ൃത്തികളെ ബാധിച്ചിട്ടുണ്ട്.

പദ്ധതി ആവിഷ്കരിച്ചത്

നവീകരണ ജോലികൾക്കായി ടി.ആർ.ഡി.സിക്ക് 17.74 കോടി രൂപയാണ് ലഭിക്കുന്നത്. ബിൽഡ് - ഓപ്പറേറ്റ് - ട്രാൻസ്ഫർ മാതൃകയിൽ 17 ഇടനാഴികളിലായി 42 കിലോമീറ്റർ നഗരപാതകൾ മെച്ചപ്പെടുത്തുന്നതിനാണ് സിറ്റി റോഡ്സ് ഇംപ്രൂവ്മെന്റ് പ്രോജക്ട് (സി.ആർ.ഐ.പി) ആവിഷ്കരിച്ചത്.

റീ ടാറിംഗ് കാത്ത് നഗരപാതകൾ

എയർപോർട്ട് റോഡ്,​ ശംഖുംമുഖം - ചാക്ക കെ.എസ്.ഇ.ബി,​ ചാക്ക - പേട്ട,​ പേട്ട പൊലീസ് സ്റ്റേഷൻ - പാറ്റൂർ,​ കണ്ണാശുപത്രി- ആശാൻ സ്ക്വയർ,​ മൻമോഹൻ ബംഗ്ലാവ് - കവടിയാർ, എൽ.എം.എസ്-വെള്ളയമ്പലം, എൽ.എം.എസ്-അയ്യങ്കാളി ഹാൾ ജംഗ്ഷൻ, ആശാൻ സ്‌ക്വയർ- അണ്ടർപാസ് വഴി പങ്കായം ഹോട്ടൽ, വാൻറോസ്-പ്രസ് ക്ലബ് റോഡ്, ഈഞ്ചയ്ക്കൽ-ശ്രീകണ്ഠേശ്വരം, സെക്രട്ടേറിയറ്റിനു ചുറ്റുമുള്ള റോഡ് എന്നിവയാണ് അറ്റകുറ്റപ്പണി നടക്കുന്ന 14 കിലോമീറ്റർ പരിധിയിൽ ഉൾപ്പെടുന്നത്. പൂന്തി റോഡിന് സമീപം പുതിയ കലുങ്കും പദ്ധതിയുടെ ഭാഗമാണ്.

അപകട സാദ്ധ്യതയേറി

റോഡിന് മുകളിലെ പാളി നീക്കം ചെയ്തത് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ച സ്ഥലങ്ങളിൽ ഇരുചക്രവാഹനങ്ങളുടെ സഞ്ചാരം ദുഷ്കരമാക്കി. പലയിടങ്ങളിലും ഇരുചക്രവാഹനങ്ങൾ നിയന്ത്രണം തെറ്റി അപകടങ്ങളുണ്ടാകുകയാണ്.