വർക്കല:പാപനാശo കടലിൽ കുളിക്കുന്നതിനിടെ തിരച്ചുഴിയിലകപ്പെട്ട വിനോദ സഞ്ചാരിയായ യുവാവിനെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി.കഴിഞ്ഞദിവസം വൈകിട്ട് 6.30 ഓടെയാണ് സംഭവം.മുംബൈയിൽ മാർക്കറ്റിംഗ് മാനേജറായി ജോലിചെയ്യുന്ന സുജിത്താണ് (24) അപകടത്തിൽപെട്ടത്.മുംബൈയിൽനിന്നും ആറംഗ സംഘമാണ് കഴിഞ്ഞദിവസം പാപനാശം തീരത്തെത്തിയത്.ഇതിൽ മൂന്നു പേരാണ് കടലിലിറങ്ങിയത്.കുളിക്കുന്നതിനിടെ സുജിത്ത് അടിയൊഴുക്കിൽപ്പെട്ട് മുങ്ങിത്താണു.സുഹൃത്തുക്കളിലൊരാൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ട് 300 മീറ്ററോളം കടലിനുള്ളിലേക്കു പോയി.ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ലൈഫ്ഗാർഡ് മുഹ്സിന്റെ നേതൃത്വത്തിലുള്ള ലൈഫ് ഗാർഡുകൾ എത്തിയാണ് സുജിത്തിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്.