akramanathinirayaya-aaduk

കല്ലമ്പലം: പള്ളിക്കലിൽ ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു. മൂതല പൊയ്കവിള വീട്ടിൽ ഉദയകുമാറിന്റെ വീട്ടിലെ ആടിനെയും കുട്ടികളെയുമാണ് കഴിഞ്ഞദിവസം രാത്രി അജ്ഞാത ജീവി ആക്രമിച്ചത്. രണ്ട് ആട്ടിൻകുട്ടികൾ ചത്തെങ്കിലും തള്ളയാട് ഗുരുതര പരിക്കുകളോടെ അവശതയിലാണ്. പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഇളമ്പ്രക്കോട് ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശാനുസരണം പള്ളിക്കൽ മൃഗാശുപത്രിയിലെ ഡോക്ടർ സ്ഥലത്തെത്തി പരിക്കേറ്റ തള്ളയാടിന് ചികിത്സ നൽകുകയും ചത്ത ആട്ടിൻകുട്ടികളുടെ പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തു. അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ സമീപത്ത് ദൃശ്യമാണെങ്കിലും ജീവി ഏതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. രണ്ടുദിവസം മുൻപ് സമീപത്തുള്ള മറ്റൊരു വീട്ടിലും സമാന രീതിയിൽ ആടിനെയും കോഴിയെയും ആക്രമിച്ചിരുന്നു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദർശിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരുമായും വെറ്റിനറി ഡോക്ടറുമായും ആശയവിനിമയം നടത്തുകയും ചെയ്തു.