തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് 12,500രൂപ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ വാഹന ഉടമയുമായുണ്ടായ തർക്കം ചിത്രീകരിച്ച് സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ഗതാഗത കമ്മിഷണർ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. എൻഫോഴ്സ്‌മെന്റ് വിഭാഗം എം.വി.ഐ നിധീഷിനെതിരെയാണ് അന്വേഷണം.
ചിറയിൻകീഴ് വലിയകട സ്വദേശി അജയകുമാറിന്റെ പരാതിയിലാണ് നടപടി. അജയകുമാറിന്റെ പച്ചക്കറി കടയിലെ അന്യസംസ്ഥാന തൊഴിലാളി ഓടിച്ച സ്‌കൂട്ടറിനാണ് എം.വി.ഐ 10,000 രൂപ പിഴയിട്ടത്. പിഴയടയ്ക്കാൻ പണമില്ലെന്നും കേസ് കോടതിയിലേക്ക് റഫർ ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോഴാണ് എം.വി.ഐ തട്ടിക്കയറിയത്. തുടർന്ന് ചിറയിൻകീഴ് എസ്.എച്ച്.ഒയെ എം.വി.ഐ വിളിച്ചുവരുത്തി പരാതിക്കാരനെ സ്റ്റേഷനിൽ കൊണ്ടുപോയി 12,500 രൂപ പിഴയടപ്പിച്ചു. ഈ രംഗങ്ങളാണ് എം.വി.ഐ ഔദ്യോഗിക ഫോണിലെ കാമറയിൽ ചിത്രീകരിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
എം.വി.ഐയുമായുണ്ടായ തർക്കമറിഞ്ഞാണ് എസ്.എച്ച്.ഒ സ്ഥലത്തെത്തിയതെന്ന് ഗതാഗത കമ്മിഷണറും ആറ്റിങ്ങൽ ഡിവൈ.എസ്.പിയും കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ പരാതിക്കാരനെ തേജോവധം ചെയ്യാൻ എം.വി.ഐ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെക്കുറിച്ച് ഗതാഗത കമ്മിഷണർ റിപ്പോർട്ടിൽ നിശബ്ദത പാലിച്ചതായി ഉത്തരവിൽ പറഞ്ഞു. ഇത് അന്വേഷണത്തിന്റെ ഭാഗമാക്കാനും തീരുമാനിച്ചു. തുടർന്നാണ് കമ്മിഷണർ നേരിട്ട് അന്വേഷണം നടത്തി മേയ് 13നകം റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവിട്ടത്.