
വിഴിഞ്ഞം: വെള്ളായണി കായലിന് സമീപത്ത് വെള്ളക്കെട്ടിലായ കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിന് 6.32കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം. വിൻസെന്റ് എം.എൽ.എ അറിയിച്ചു. 1991ലെ ഭൂമി വില അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുള്ള തുക കർഷകർക്ക് അപര്യാതമാണെന്നും വസ്‌തുവിന്റെ ഇന്നത്തെ കമ്പോളവില നിശ്ചയിച്ചത് തുക പരിഷ്‌കരിക്കണമെന്നും എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടു.
കർഷകരുടെ കൈവശമുള്ളവയും വെള്ളായണി കാർഷിക കോളേജിന്റെ അധീനതയിലുള്ളതുമായ 400 ഏക്കർ ഭൂമിയും ഉൾപ്പെടെയുള്ള സ്ഥലത്ത് കൃഷിയിറക്കിയിരുന്ന കർഷകർക്കാണ് നഷ്ടപരിഹാരം ലഭിക്കുക. വെള്ളം കയറിയ ഭൂമി ഏറ്റെടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടതിനെ തുടർന്ന് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവിറങ്ങിയെങ്കിലും അഞ്ചുവർഷത്തിനുശേഷമാണ് ഭരണാനുമതിയായത്. എന്നാൽ തുക അപര്യാപ്‌തമാണെന്നും പുതുക്കി നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം.