veena-george

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുവർഷത്തിനകം ലാബുകളുടെ ശൃംഖലയായ ലാബ് നെറ്റ്‌വർക്ക് നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ ആധുനിക പരിശോധനാ സൗകര്യങ്ങൾ ഒരുക്കും. പകർച്ച വ്യാധികളും പകർച്ചേതര വ്യാധികളെയും തടയാനുള്ള സംവിധാനമായ ഹബ് ആൻഡ് സ്‌പോക്ക് മോഡലും നടപ്പാക്കും. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ പീഡിയാട്രിക് തീവ്രപരിചരണ യൂണിറ്റും ഡി.ഇ.ഐ.സി സെൻസറി ഇന്റഗ്രേഷൻ റൂമും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൈക്കാട് ആശുപത്രിയിലെ ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് സ്വതന്ത്ര യൂണിറ്റാക്കും.

 ബസ് സ്റ്റാൻഡുകളിൽ ഓപ്പൺ ജിം

ആരോഗ്യ വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡുകളിലെ വെയിറ്റിംഗ് ഏരിയയിൽ ഓപ്പൺ ജിം ആരംഭിക്കുന്നതിനായി സ്ഥലം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. തൈറോയിഡ് പരിശോധിക്കാൻ 20 ലക്ഷം ചെലവിട്ട് തൈക്കാട് ആശുപത്രിയിൽ അത്യാധുനിക മെഷീൻ സജ്ജമാക്കും. 'അറിയാം വളരാം' ചിത്രകഥയുടെ പ്രകാശനം മന്ത്രി വീണാജോർജ് നിർവഹിച്ചു. ഡി.ഇ.ഐ.സി ബോധവത്കരണ വീഡിയോ മന്ത്രി ആന്റണി രാജു പുറത്തിറക്കി.