
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്ത് ഓഫീസും പരിസരവും മാലിന്യകേന്ദ്രമാവുന്നു. പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്ന് ഹരിതകർമ്മ സേന സമാഹരിച്ച പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവമാലിന്യം പഞ്ചായത്ത് ഓഫീസിന് മുൻവശം നീതി സ്റ്റോറിന് സമീപം പ്ലാസ്റ്റിക്ക് ചാക്കുകളിൽ കെട്ടിനിറച്ച നിലയിലാണ്. സമീപ പഞ്ചായത്തുകളിൽ മാലിന്യശേഖരണത്തിന് പ്രത്യേകസ്ഥലവും സംവിധാനവുമൊരുക്കിയിട്ടുണ്ടെങ്കിലും ബാലരാമപുരത്ത് പഞ്ചായത്ത് ഓഫീസ് പരിസരം തന്നെയാണ് മാലിന്യശേഖരണകേന്ദ്രം. പഞ്ചായത്ത് ഓഫീസിന് അമ്പത് മീറ്റർ അകലെ റോഡരികിലും മാലിന്യം കൊണ്ടിടുന്നത് പതിവാകുകയാണ്. മഴകൂടി എത്തിയതോടെ കവറുകളിൽ കെട്ടി സൂക്ഷിച്ചിരിക്കുന്ന മാലിന്യം ജീർണ്ണിച്ച് പകർച്ചവ്യാധികൾ പിടിപെടുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
ഹരിതകർമ്മസേന വീടുകളിലെത്തി ശേഖരിക്കുന്ന മാലിന്യം ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സൂക്ഷിക്കുന്നത്. അജൈവ മാലിന്യങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ തരംതിരിച്ച് വൃത്തിയാക്കി ശേഖരിച്ച് റീസൈക്ലിംഗിന് വിധേയമാക്കുകയാണ് പതിവ്. നൂതന രീതിയിലുള്ള കേന്ദ്രീകൃത സംസ്കരണ സംവിധാനങ്ങളില്ലാത്തതിനാൽ പഞ്ചായത്താണ് മാലിന്യം ശേഖരിച്ചുവരുന്നത്. മാസങ്ങളായി തുടരുന്ന രീതിക്ക് യാതൊരുവിധ പ്രതിവിധിയും കാണാറില്ല.രാത്രികാലങ്ങളിൽ ചാക്കുകളിൽ കെട്ടിയ മാലിന്യം തെരുവ് നായ്ക്കൾ കടിച്ചുവലിച്ച് പരിസരം മാലിന്യപ്പറമ്പായി മാറുകയാണ്. വാഹനങ്ങളിൽ മാലിന്യം കൊണ്ട്പോകുന്നത് പതിവാണെങ്കിലും കഴിഞ്ഞ ഒരു മാസത്തോളമായി മാലിന്യനീക്കം നിലച്ചിരിക്കുകയാണ്.
ജൈവ കമ്പോസ്റ്റിംഗിംന് സംബന്ധിച്ച് വീട്ടുകാരെ ബോധവത്ക്കരിക്കാനും കൂടിയാണ് പഞ്ചായത്തുതലത്തിൽ ഹരിതകർമ്മസേനയെ നിയോഗിച്ചിരിക്കുന്നത്. എന്നാൽ ഇവർക്ക് വേണ്ട ബോധവത്ക്കരണവും പരിശീലനവും നൽകുന്നില്ലെന്ന് മാത്രമല്ല പ്ലാസ്റ്റിക്ക് ശേഖരിക്കുന്ന തൊഴിലാളികളായാണ് ജോലി ചെയ്യിപ്പിക്കുന്നത്. ഉറവിട മാലിന്യ സംസ്കരണം വ്യാപകമാക്കുകയും അനുയോജ്യമായ മാലിന്യ സംസ്കരണ സങ്കേതങ്ങൾ ഉപയോഗിച്ച് മാലിന്യത്തെ ജൈവകൃഷിക്ക് അനുയോജ്യമായ വളമാക്കിമാറ്റി വീടുകളിൽ തന്നെ കൃഷിക്ക് ഉപയോഗിക്കുകയെന്ന സർക്കാർ ഹരിതമിഷന്റെ സന്ദേശവും കാറ്റിൽ പറത്തുകയാണ്.