
തിരുവനന്തപുരം: സിൽവർ ലൈനിനെതിരായ പ്രതിഷേധങ്ങളെ മാറ്റിയെടുക്കാൻ മന്ത്രിമാരടക്കമുള്ള നേതാക്കളെ ഇറക്കി മേയ് 30 വരെ ഗൃഹസന്ദർശന പരിപാടിക്ക് സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനം.
കൊച്ചി സംസ്ഥാനസമ്മേളനം അംഗീകരിച്ച നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് സംബന്ധിച്ച നയരേഖയെക്കുറിച്ചും വിശദീകരിക്കും. സിൽവർലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ വീടുകൾ പാർട്ടിയുടെ പ്രധാന നേതാക്കളും ജനപ്രതിനിധികളും സന്ദർശിക്കും. പ്രധാന സ്ഥലങ്ങളിൽ മന്ത്രിമാർ പങ്കെടുക്കും.
നവകേരളത്തിനായുള്ള പാർട്ടി കാഴ്ചപ്പാട് വിപുലമായി പ്രചരിപ്പിക്കുമെന്ന് വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കമ്മിറ്റി യോഗങ്ങൾ വരും ദിവസങ്ങളിൽ ചേരും. ഏരിയാ കമ്മിറ്റി യോഗങ്ങൾ സംസ്ഥാന കമ്മിറ്റി നേരിട്ട് വിളിക്കും. അതത് പ്രദേശങ്ങളിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും. ലോക്കൽ കമ്മിറ്റിയംഗങ്ങൾ മുതൽ ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവരുടെ യോഗം ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിലായി വിളിക്കും. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ പങ്കെടുക്കും.