
വിഴിഞ്ഞം: കോട്ടുകാൽ പഞ്ചായത്തിലെ അമ്പലത്തുമൂല വാർഡിൽ ഹൈടെക് അങ്കണവാടിയും ചിൽഡ്രൻസ് പാർക്കും ഒരുക്കാൻ സാമ്പത്തിക സഹായം ചെയ്ത് ജർമൻ വനിത മരിയ. പോസിറ്റീവ് പവർ ഫോർ ചിൽഡ്രൻസ് എന്ന സംഘടനയുടെ പ്രതിനിധിയാണ് ഇവർ. മികച്ച ഭൗതികസാഹചര്യങ്ങളൊരുക്കിയാൽ കുട്ടികൾ മുടങ്ങാതെ അങ്കണവാടികളിലെത്തുമെന്ന തിരിച്ചറിവിലാണ് സംഘടന ഫണ്ട് നൽകിയത്.
അമ്പലത്തുമൂല വാർഡ് അംഗം ആശയുടെ നേതൃത്വത്തിൽ പദ്ധതിക്ക് രൂപം നൽകി. കെട്ടിടത്തിൽ കളിയുപകരണങ്ങളടക്കമുള്ള ചിൽഡ്രൻസ് പാർക്കും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം അടിമലത്തുറ ഇടവക വികാരി ഫാ. ഡെൻസൺ ജ്യൂസ നിർവഹിച്ചു. അമ്പലത്തുമൂല വാർഡ് മെമ്പർ ആശാ.ബി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ വീണ, അടിമലത്തുറ ക്രിസ്തുദാസ്, കൃഷ്ണേന്ദു, ചീഫ് കോഓർഡിനേറ്റർ വിമൽ, പ്രിയ വിമൽ, സിന്ധു എന്നിവർ സംസാരിച്ചു.