
തിരുവനന്തപുരം: കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവ് ഷെജിനും ജോയ്സ്നയും തമ്മിലെ വിവാഹവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് പരാമർശം നടത്തി വിവാദത്തിലായ മുൻ എം.എൽ.എയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ് എം.തോമസിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോർജ് എം. തോമസിന്റെ നിലപാട് പാർട്ടി വിരുദ്ധമാണെന്ന് കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് ജില്ലാ സെക്രട്ടറി തന്നെ തള്ളിപ്പറഞ്ഞതാണ്. കോഴിക്കോട് ജില്ലാ കമ്മിറ്റി വിഷയം ചർച്ച ചെയ്ത് നടപടി തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
ജോർജ് എം. തോമസിനെതിരെ ശാസന പോലുള്ള നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
കെ.എസ്.ഇ.ബിയിൽ ഓഫീസേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിൽ പാർട്ടി ഇടപെടില്ലെന്ന് കോടിയേരി വ്യക്തമാക്കി. ട്രേഡ് യൂണിയൻ സമരങ്ങൾ ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണ്. ഓഫീസർമാർക്കെതിരെ നടപടിയെടുത്താൽ സ്വാഭാവികമായും അവർക്ക് പ്രതിഷേധിക്കേണ്ടി വരും. ഘടകകക്ഷി മന്ത്രിയുടെ വകുപ്പായത് കൊണ്ടല്ല, ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിനാലാണ് സമരം. സംഘടനകൾക്ക് പ്രവർത്തനസ്വാതന്ത്ര്യമുണ്ടാകണം. ഈ വിഷയത്തിൽ സി.പി.എം ഇടപെടേണ്ട സ്ഥിതിവിശേഷം ഇപ്പോഴില്ല. സർക്കാർ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കും..
കെ.വി.തോമസിന് അദ്ദേഹത്തിന്റേതായ നിലപാടുണ്ടെന്നും അതിലദ്ദേഹം ഉറച്ചുനിന്നാൽ സ്വീകാര്യത ലഭിക്കുമെന്നും ,കോൺഗ്രസ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ നീങ്ങുന്നത് സംബന്ധിച്ച വാർത്തയോട് കോടിയേരി പ്രതികരിച്ചു.