പോത്തൻകോട്: പെട്രോൾ അടിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെ ബൈക്കിലെത്തിയ ഗുണ്ടാസംഘം പമ്പിലെ ജീവനക്കാരനെ വെട്ടിപ്പരിക്കേല്പിച്ചു. കണിയാപുരം ആലുംമൂട്ടിലുള്ള ഐ.ഒ.സിയുടെ പമ്പിൽ തിങ്കളാഴ്ച രാത്രി 7ഓടെയാണ് സംഭവം. വെട്ടുറോഡ് കാവോട്ടുമുക്ക് സ്വദേശി അജീഷിനാണ് (19) പരിക്കേറ്റത്.

മഴുകൊണ്ടുള്ള ആക്രമണത്തിൽ മുഖത്തും കൈയിലും വെട്ടേറ്റ അജീഷിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോൾ നിറയ്‌ക്കാൻ താമസിച്ചെന്ന് ആരോപിച്ചാണ് ആക്രമണം. രണ്ടുപേർ ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് അജീഷ് മംഗലപുരം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അക്രമിസംഘമെത്തുമ്പോൾ നിരവധി വാഹനങ്ങൾ പെട്രോളടിക്കാനായി പമ്പിലുണ്ടായിരുന്നു. ക്യൂവിൽ നിൽക്കാൻ പമ്പ് ജീവനക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. തുടർന്നാണ് ബൈക്കിന് പിന്നിലിരുന്നയാൾ ചാടിയിറങ്ങി യാതൊരു പ്രകോപനവുമില്ലാതെ കൈയിൽ കരുതിയിരുന്ന മഴുകൊണ്ട് വെട്ടിയത്.

എന്നാൽ അജീഷും പ്രതികളും തമ്മിൽ നേരത്തെ പരിചയമുണ്ടെന്ന വിവരം ലഭിച്ചതായി സൂചനയുണ്ട്. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.