
ചിറയിൻകീഴ്: കൂറ്റൻ പാറകളുമായി തലങ്ങും വിലങ്ങും പായുന്ന ടോറസ് ലോറികൾ ജനങ്ങളുടെ സ്വൈര സഞ്ചാരത്തിന് ഭീക്ഷണി ഉയർത്തുന്നു. ആറ്റിങ്ങൽ - കിളിമാനൂർ ഭാഗങ്ങളിൽ നിന്നും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ആവശ്യമായ പാറകൾ പെരുമാതുറ മുതലപ്പൊഴിയിലേക്ക് കൊണ്ട് വരുന്ന ലോറികളാണ് യാത്രാതടസത്തിന് പലപ്പോഴും കാരണമാകുന്നത്. പാറകളുമായി വന്ന ടോറസ് ലോറിയുടെ ടയർ പഞ്ചറായി റോഡിൽ കിടക്കേണ്ടി വന്ന് യാത്രാ ക്ലേശം ഉണ്ടാക്കിയ സംഭവങ്ങളും നിരവധിയാണ്. അഴൂർ റെയിൽവേ ഗേറ്റ് കടന്ന് വേണം മുതലപ്പൊഴിയിൽ എത്താൻ. ചിലപ്പോൾ മൂന്ന് ട്രയിനുകൾക്ക് വരെ ഇവിടെ ഗേറ്റ് അടയ്ക്കേണ്ടിവരും. ഈ സമയങ്ങളിൽ ഗേറ്റിന് ഇരുവശങ്ങളിൽ ടോറസ് ലോറികൾ ഉണ്ടാകും. ഗേറ്റ് തുറക്കുമ്പോൾ മറ്റ് വാഹനങ്ങൾക്കൊപ്പം എതിർ ദിശകളിൽ നിന്ന് ടോറസ് ലോറികൾ കൂടി എത്തുമ്പോൾ പലപ്പോഴും ഗേറ്റും പരിസരവും ഗതാഗതക്കുരുക്കിലകപ്പെടും. പാറകൾ മുതലപ്പൊഴിയിൽ ഇറക്കിയ ശേഷം തിരിച്ച് പോകാനായി ടോറസ് ലോറികൾ മറ്റൊരു പാത തിരഞ്ഞെടുത്തെങ്കിൽ ഇവിടെത്തെ വിഷയത്തിന് ചെറുതായെങ്കിലും ആശ്വാസമായേനേ എന്നൊരു അഭിപ്രായമുണ്ട്.
പൊതു ഗതാഗതത്തിനും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും തടസ്സമില്ലാത്ത വിധം പാറ കൊണ്ടുവരുന്നതിന് സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ഉടമ്പടിയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ഉടമ്പടിയിലെ ഉറപ്പുകൾ കാറ്റിൽപറത്തിയാണ് ലോറികളുടെ സഞ്ചാരം. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഓവർലോഡുമായി വരുന്നത്. ടൺകണക്കിന് ഭാരവുമായി എത്തുന്ന ടിപ്പറുകൾ നിരന്തരം കടന്നു പോകുന്നത് കാരണം പെരുമാതുറ മാടൻവിള പാലം തകർച്ചയുടെ വക്കിലുമാണ്. രാവിലെയും വൈകിട്ടും ഏറെ തിരക്ക് വരുന്ന സമയങ്ങളിലെങ്കിലും നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വിലങ്ങുതടി ആവുന്ന ഇത്തരം ട്രിപ്പുകൾ ഒഴിവാക്കാനും യാത്രകൾക്ക് സുരക്ഷിത മാർഗങ്ങൾ ഒരുക്കാനും ബന്ധപ്പെട്ട അധികാരികൾ തയാറാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.