su

വെഞ്ഞാറമൂട്: കള്ളൻമാരും പിടിച്ചുപറിക്കാരും സൂക്ഷിക്കുക... വെഞ്ഞാറമൂട്ടിലെത്തിയ പുതിയ സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ് ചില്ലക്കാരനല്ല. വിതുര സ്റ്റേഷനിൽ മികച്ച സേവനം കാഴ്ചവയ്ക്കുകയും പല കേസുകൾ തെളിയിക്കുകയും ചെയ്ത എസ്.എൽ.സുധീഷ് മികച്ചൊരു ജാലവിദ്യക്കാരൻകൂടിയാണ്.കൺകെട്ടിലൂടെയും കള്ളൻമാരെ അകത്താക്കിയെന്നുവരും.

പൊലീസ് ജോലിക്കൊപ്പം മാജിക്കും സുധീഷിന് പ്രിയങ്കരമായിരുന്നു. സ്കൂളുകളും ആദിവാസി ഊരുകളും കേന്ദ്രീകരിച്ച് ബോധവത്കരണ മാജിക് ക്ലാസുകൾ എടുക്കുന്നുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് മാജിക്കിനോട് കമ്പം തോന്നിയത്.മാജിക് പഠിക്കണമെന്ന് അച്ഛനോട് പറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. കൂലിപ്പണിക്കാരനായ അച്ഛന് മൂന്ന് മക്കളെ പോറ്റാൻപോലും കഴിയാത്ത സ്ഥിതിയായിരുന്നു . പത്താംക്ലാസ് പൂർത്തിയാക്കിയ ശേഷം സുധീഷ് കൂലിപ്പണിക്കു പോയി 1500 രൂപ സമ്പാദിച്ചു. പണവുമായി നേരേ ഗോപിനാഥ് മുതുകാടിന്റെ മാജിക് സ്കൂളിലെത്തി. മാജിക്ക് പഠിക്കണമെന്നും കുറച്ച് പണമേയുള്ളൂവെന്നും ബാക്കി പിന്നീട് തരാമെന്നും പറഞ്ഞു. മുതുകാട് മാജിക് പഠിപ്പിച്ചു. പഠനം പൂർത്തിയാക്കിയതോടെ ഉത്സവപ്പറമ്പുകളിൽ സുധീഷ് മാജിക് അവതരിപ്പിച്ചുതുടങ്ങി. പത്തുവർഷം മാജിക്കായിരുന്നു സുധീഷിന്റെ ഉപജീവനമാർഗം.മാതാപിതാക്കളുടെ നിർബന്ധത്തെ തുടർന്ന് പഠനവുംനടത്തി. 2009ൽ പൊലീസ് ടെസ്റ്റ് എഴുതി ജോലിയിൽ കയറി. 2017 ൽ എസ്.ഐയായി നിയമനം ലഭിച്ചു.നിരവധി കലാകാരൻമാരുള്ള വെഞ്ഞാറമൂട്ടിലെത്തിയപ്പോൾ കൂടുതൽ സന്തോഷമായെന്ന് ഒരു സ്വകാര്യ ചടങ്ങിൽ നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പം മാജിക്ക് കാണിക്കവെ സുധീഷ് പറഞ്ഞു. ഇവിടെ തന്നെ വീടും വാങ്ങിയതോടെ പൂർണ്ണമായും ഒരു വെഞ്ഞാറമൂടുകാരനായിരിക്കുകയാണ് സുധീഷ്.പൊലീസ് ജോലിക്കൊപ്പം മാജിക്കും കൊണ്ടുപോകുമെന്ന് അദ്ദേഹം പറയുന്നു. ഭാര്യ മിനി. കുട്ടികളായ അക്ഷയയും അക്ഷരയും മക്കൾ.