k

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്ത് ഒന്നാംവാർഡിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിലെ വാട്ടർ കണക്ഷൻ നിലച്ചിട്ട് മൂന്നുവർഷത്തോളമായി. വെള്ളക്കരമായി നാലരലക്ഷത്തോളം രൂപയാണ് പഞ്ചായത്ത്‌ അടക്കാനുള്ളത്. വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ പൂട്ടിയതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമൊടുകയാണ് അംഗൻവാടി ജീവനക്കാർ. അഞ്ചുതെങ്ങ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ നെടുങ്ങണ്ട ദൈവത്തും വാതുക്കലിൽ 21ാം നമ്പർ അംഗൻവാടിക്കാണ് ഈ ദുർഗതി.കുടിവെള്ളക്ഷാമം അതിരൂക്ഷമായ ഈ പ്രദേശത്തെ അംഗൻവാടിയിലാണ് ഇടിത്തീ പോലെ വാട്ടർ അതോറിറ്റി കണക്ഷൻ വിഛേദിക്കുകകൂടി ചെയ്തത്. അതോടെ ഇരുപതോളം കുട്ടികളും രണ്ടു ജീവനക്കാരുമുള്ള ഈ അംഗൻവാടിയുടെ പ്രവർത്തനം താളം തെറ്റി. അയൽപക്കങ്ങളിലെ വീടുകളിൽ നിന്ന് വെള്ളം ശേഖരിച്ചാണ് നിലവിൽ ഈ അംഗൻവാടിയുടെ പ്രവർത്തനം.അംഗൻവാടി ജീവനക്കാർ വെള്ളക്കരത്തിന്റെ ബില്ലുകൾ യഥാസമയം പഞ്ചായത്തിൽ എത്തിക്കാത്തതുകൊണ്ടാണ് ബിൽ അടയ്ക്കാൻ കഴിയാതിരുന്നതെന്നാണ് പഞ്ചായത്ത്‌ അധികൃതർ പറയുന്നത്. എന്നാൽ ബില്ലുകൾ യഥാ സമയങ്ങളിൽ പഞ്ചായത്തിലെ ഫ്രണ്ട് ഓഫിസിൽ കൊടുത്ത് റെസിപ്റ്റുകൾ വാങ്ങിയിട്ടുണ്ടെന്നാണ് അംഗൻവാടി ജീവനക്കാർ പറയുന്നത്.