വർക്കല: വർക്കല - കടയ്ക്കാവൂർ റോഡിൽ ഷാപ്പുമുക്ക് മുതൽ വിളബ്ഭാഗം ജംഗ്ഷൻ വരെയുള്ള ഓടയുടെ മുകളിൽ സ്ലാബ് സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. വെട്ടൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലാണ് വിളബ്ഭാഗം. തിരക്കേറിയ റോഡിനോടു ചേർന്നാണ് ആഴമുള്ള ഓടയുള്ളത്.

ഈ ഭാഗത്ത് റോഡിന് വീതി വളരെ കുറവാണ്. സ്ലാബില്ലാത്തതിനാൽ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർക്ക് ഒതുങ്ങി മാറിനിൽക്കാൻ സ്ഥലമില്ല. കടകൾക്കും വീടുകൾക്കും മുന്നിലും മാത്രമാണ് ഓടയിൽ സ്ലാബുള്ളത്. മറ്റു ഭാഗങ്ങളിലാണ് അപകടമുള്ളത്.

ഈ ഭാഗത്ത് റോഡിൽ വളവുകളുമുണ്ട്. കഷ്ടിച്ച് രണ്ട് വാഹനങ്ങൾ കടന്നുപോകാൻ മാത്രം ഇടമുള്ള റോഡിൽ വാഹനാപകടങ്ങളും പതിവാണ്. വാഹനങ്ങൾക്ക് കടന്നുപോകാനായി കാൽനടയാത്രക്കാർ ഒഴിഞ്ഞു മാറുമ്പോഴാണ് ഓടയിൽ വീണ് അപകടത്തിൽപ്പെടുന്നത്.

വലിയ വാഹനങ്ങളും ഇരുചക്രവാഹന യാത്രക്കാരും സമാനരീതിയിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്. റോഡിനും ഓടയ്ക്കും മദ്ധ്യേയുള്ള വൈദ്യുതി, ടെലിഫോൺ തൂണുകളും അപകടമുണ്ടാക്കുന്നുണ്ട്.

തൂണുകളുള്ള ഭാഗത്ത് കാൽ നടയാത്രക്കാർ റോഡിലേക്കിറങ്ങി സഞ്ചരിക്കേണ്ടിവരുന്നു. അല്ലെങ്കിൽ വാഹനങ്ങൾ കടന്നുപോകുന്നതുവരെ കാത്ത് നിൽക്കേണ്ടിവരും. ഉപയോഗമില്ലാത്ത തൂണുകൾ ഇപ്പോഴും റോഡരികിൽ തുടരുന്നുണ്ട്.

ചന്തയും ഒട്ടേറെ കടകളുമുള്ള വിളബ്ഭാഗം ജംഗ്ഷനിൽ പോലും പലയിടത്തും ഓടകൾ തുറന്നുകിടക്കുകയാണ്. എല്ലാഭാഗത്തും സ്ലാബ് സ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് പ്രദേശത്തെ വ്യാപാരികളും, നാട്ടുകാരും നിരവധി തവണ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി.