
ബാലരാമപുരം : ബലൂണുകളിൽ വർണവിസ്മയമൊരുക്കി നേമം ഗവൺമെന്റ് യു.പി.എസ് വിദ്യാർത്ഥികൾ.അവധിക്കാലം ആഹ്ലാദകരമാക്കാൻ ഓപ്പൺ ക്ലാസ് റൂം എന്ന പേരിൽ പുറം വാതിൽ ക്ലാസുകൾ സ്കൂളിൽ സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ബലൂൺ ആർട്ടിൽ തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്ക് പരിശീലനം നൽകിയത്. മോഡലിംഗ് ബലൂൺ ഉപയോഗിച്ചുള്ള വിവിധ രൂപങ്ങൾ,റൗണ്ട് ബലൂണിൽ പക്ഷികളും മൃഗങ്ങളും എന്നിവ കുട്ടികൾ നിർമ്മിച്ചു.കണ്ണും മൂക്കും വരച്ച് ചേർത്ത് സംഘം ചേർന്ന് പാട്ടുപാടുകയും ബലൂൺ രൂപങ്ങളുപയോഗിച്ച് സ്കിറ്റുകളും അവതരിപ്പിച്ചു.കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബലൂൺ പ്രദർശനം സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ് ഉടമയായ ഷിജിന പ്രീതാണ് ബലൂൺ ആർട്ടിന് നേതൃത്വം നൽകിയത്.എസ്.എം.സി ചെയർമാൻ വി .മനു ശില്പശാല ഉദ്ഘാടനം ചെയ്തു.ഉപനിയൂർ സുരേഷ്,എം.ആർ സൗമ്യ,എം.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും കൺവീനർ കെ. ബിന്ദു പോൾ നന്ദിയും പറഞ്ഞു. ഓപ്പൺ ക്ലാസ് റൂമിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 10 മുതൽ നാടകക്കൂടിന്റെ ഡയറക്ടർ പീറ്റർ പാറയ്ക്കലിന്റെ നേതൃത്വത്തിൽ നാടകശില്പശാല നടക്കും.