
കല്ലമ്പലം: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഓവർബ്രിഡ്ജുകൾക്ക് വേണ്ടിയുള്ള പൈലിംഗിനായി കല്ലമ്പലം ജംഗ്ഷനിൽ കഴിഞ്ഞദിവസം ദേശീയപാതാ അതോറിട്ടി മണ്ണ് പരിശോധന നടത്തി.
തൂണുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള അടയാളപ്പെടുത്തലുകൾ ഉൾപ്പെടെയുള്ള ജോലികൾ നടക്കുകയാണ്. പില്ലറുകളിൽ നിലനിറുത്തുന്ന ഓവർബ്രിഡ്ജ് വേണമെന്നാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്. എന്നാൽ സിമെന്റ് പാളികൾ വശങ്ങളിൽ കുത്തനെ നിറുത്തി (ആർ.ഇ വാൾ) മണ്ണിട്ട് നികത്തി ഉയർത്തിയാണ് ഓവർബ്രിഡ്‌ജ് നിർമ്മിക്കുകയെന്നാണ് വിവരം.
പണി പൂർത്തിയാകുമ്പോൾ കല്ലമ്പലം ജംഗ്ഷൻ കോൺക്രീറ്റ് മതിൽകെട്ടി വേർതിരിച്ച നിലയാകുമെന്നാണ് വ്യാപാരികളുടെ പരാതി. ജംഗ്ഷന്റെ മദ്ധ്യഭാഗത്തായി ഓവർബ്രിഡ്ജിന് അടിയിലൂടെ വർക്കല, നഗരൂർ എന്നിവിടങ്ങളിലേക്ക് പോകാൻ സർവീസ് റോഡുമായി ബന്ധിപ്പിച്ച് പാതയുമുണ്ടാകും.