
റാങ്ക് ലിസ്റ്റുകൾ നോക്കുകുത്തി
തിരുവനന്തപുരം:സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽ സ്ഥാനക്കയറ്റം നടക്കാതായതോടെ, പി.എസ്.സി വഴിയുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനം ത്രിശങ്കുവിലായി. വിവിധ വിഷയങ്ങളിലായി 60 ഓളം പേർക്ക് ലഭിക്കേണ്ട നിയമനമാണ് മുടങ്ങിയത്.
മിക്ക വിഷയങ്ങളിലും റാങ്ക് പട്ടിക നിലവിലുണ്ടെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനാവുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. സർക്കാർ കോളേജുകളിൽ 60 പ്രിൻസിപ്പൽ തസ്തികകൾ നാല് വർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുകയാണ്. സർവീസ് മുൻഗണന മാനദണ്ഡമാക്കി നടത്തിയിരുന്ന പ്രിൻസിപ്പൽ സ്ഥാനക്കയറ്റം നിറുത്തിവച്ച ശേഷം ഒഴിവുകളാണ്ടാകുന്നില്ല. പ്രിൻസിപ്പൽ നിയമനച്ചട്ടം ഭേദഗതി ചെയ്യുന്നതിലെ കാലതാമസമാണ് നിയമനം നീളാൻ കാരണം.
പത്ത് വർഷത്തെ ഇടവേളകളിലാണ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാറുള്ളത് . ചട്ടം ഭേദഗതി ചെയ്ത് ഉടൻ പ്രിൻസിപ്പൽമാരെ നിയമിക്കുകയും അതുവഴിയുണ്ടാകുന്ന അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിൽ പി.എസ്.സി. വഴി നിയമനം നടത്തുകയും വേണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്. യു.ജി.സി നിർദേശം അനുസരിച്ച് പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ യോഗ്യത സംബന്ധിച്ച പുതിയ ചട്ടം ഭേദഗതി ചെയ്യാത്തതിനാൽ പ്രൊമോഷൻ നൽകാനായിട്ടില്ല.