
നെടുമങ്ങാട്: ശമ്പളക്കുടിശിക അനുവദിച്ചു കിട്ടാനായി മാസങ്ങളായി ബാംബു കോർപ്പറേഷൻ ഓഫീസുകൾ കയറിയിറങ്ങി കാലുകുഴഞ്ഞ ഈറ്റത്തൊഴിലാളിക്ക് മന്ത്രി അഡ്വ.ജി.ആർ.അനിലിന്റെ അടിയന്തര ഇടപെടലിൽ നീതി ലഭിച്ചു.ഇടമലയാർ ഡാം സൈറ്റിൽ ബാംബൂ കോർപ്പറേഷന് കീഴിൽ ഈറ്റവെട്ട് തൊഴിലാളിയായ ചുള്ളിമാനൂർ തേരിവിള വീട്ടിൽ റോബിൻസൺ എന്ന എഴുപതുകാരനാണ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഒമ്പത് മാസത്തെ വേതനം അധികൃതർ ശരവേഗത്തിൽ അനുവദിച്ചത്.നെടുമങ്ങാട് പട്ടയ വിതരണ മേളയുടെ സംഘാടക സമിതി രൂപീകരണത്തിനായി നഗരസഭ ടൗൺ ഹാളിൽ മന്ത്രി എത്തുമെന്നറിഞ്ഞ് കാത്ത് നിൽക്കുകയായിരുന്നു റോബിൻസൺ.
അടുത്ത് വിളിച്ച് വിവരം ചോദിച്ചറിഞ്ഞ മന്ത്രി, പരാതിക്കാരന്റെ മുന്നിൽ വച്ചു തന്നെ ബാംബൂ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറെ ഫോണിൽ ബന്ധപ്പെട്ട് വേതനം തടഞ്ഞുവച്ചതിന് പിന്നിലെ കാരണമാരായുകയും തടസങ്ങൾ നീക്കി കുടിശിക തുകയായ 9,000 രൂപ ഉടൻ വിതരണം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.
മുപ്പത് വർഷത്തോളമായി ഇടമലയാറിൽ ഈറ്റവെട്ട് തൊഴിലാളിയാണ് റോബിൻസൺ.തുച്ഛമായ ദിവസ വേതനത്തിനാണ് ഈറ്റവെട്ടുന്നത്.കയറിക്കിടക്കാൻ സുരക്ഷിതമായ ഒരു വീട് ഇപ്പോഴും സ്വപ്നമാണ്.ഈറ്റവെട്ട് ഇല്ലാത്ത ദിവസങ്ങളിൽ ഡാമിന്റെ അടിവാരത്ത് മീൻ പിടിത്തമാണ് വിശപ്പകറ്റാനുള്ള പോംവഴി. ഒമ്പത് മാസത്തെ വേതന കുടിശികയാണ് കോർപ്പറേഷൻ നൽകാനുണ്ടായിരുന്നത്. ബാംബൂ ഡിപ്പോ അധികൃതർക്കും ഉദ്യോഗസ്ഥർക്കും പിറകെ നടന്നു മടുത്താണ് മന്ത്രിയെ നേരിൽക്കണ്ട് പരാതി ബോധിപ്പിക്കാൻ എത്തിയതെന്ന് റോബിൻസൺ പറഞ്ഞു. മന്ത്രിയോട് നന്ദി പറഞ്ഞ ശേഷമാണ് റോബിൻസൺ പോയത്. റോബിൻസന്റെ അക്കൗണ്ടിലേക്ക് ശമ്പളത്തുക കൈമാറാൻ നടപടി സ്വീകരിച്ചതായി ബാംബൂ കോർപ്പറേഷൻ എം.ഡി ഇന്ദു വിജയൻ അറിയിച്ചു.