തിരുവനന്തപുരം: വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയാൻ നഗരത്തിലെ കാമ്പസുകൾക്ക് പിന്നാലെ സ്‌കൂളുകളിലും ആന്റി നാർക്കോ ക്ളബുകൾ ആരംഭിക്കാൻ സിറ്റി പൊലീസിന്റെ പദ്ധതി. ഈ അദ്ധ്യയനവർഷം സർക്കാർ സ്‌കൂളുകളുൾപ്പെടെയുള്ള പ്രധാന വിദ്യാലയങ്ങളിൽ ക്ളബുകൾ രൂപീകരിക്കാനാണ് നീക്കം.
നഗരത്തിലെ പ്രധാന കോളേജുകളിലെല്ലാം സിറ്റി പൊലീസ് നാർക്കോട്ടിക് സെൽ 2019 മുതൽ ആന്റി നാർക്കോക്ളബുകൾ രൂപീകരിച്ചിരുന്നു. കോളേജ് പ്രിൻസിപ്പൽ, അദ്ധ്യാപകർ, പി.ടി.എ കമ്മിറ്റിഅംഗങ്ങൾ, വിദ്യാർത്ഥി പ്രതിനിധികൾ, സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ഉൾപ്പെട്ടതാണ് ക്ളബ്. മാസത്തിലൊരിക്കൽ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ കാമ്പസിൽ യോഗം ചേർന്ന് വിദ്യാർത്ഥികൾ ആരെങ്കിലും ലഹരി ഉപയോഗിക്കുകയോ ലഹരി മാഫിയയുടെ പിടിയിൽ അകപ്പെടുകയോ ചെയ്‌തിട്ടുണ്ടോയെന്ന് നിരീക്ഷിക്കും.
ലഹരിമാഫിയയുടെ കെണിയിൽ അകപ്പെട്ടവർക്ക് കൗൺസലിംഗും ചികിത്സയും നൽകി ശരിയായ വഴിക്ക് നയിക്കുകയാണ് ക്ളബിന്റെ പ്രവർത്തനം. കോളേജുകളിൽ വിജയകരമായിരുന്ന പദ്ധതി കൊവിഡ് കാലത്ത് ക്ളാസുകൾ ഓൺലൈനായിരുന്നതിനാൽ മുടങ്ങിക്കിടക്കുകയായിരുന്നു.
കോളേജുകൾക്കൊപ്പം നഗരത്തിലെ നൂറോളം സ്‌കൂളുകളിൽ ആന്റി നാർക്കോ ക്ളബുകൾ രൂപീകരിക്കാനാണ് തീരുമാനം. കാമ്പസുകളിൽ ലഹരിമാഫിയയുടെ കെണിയിൽപ്പെട്ട 200ഓളം കുട്ടികളെ പലഘട്ടങ്ങളിലായി രക്ഷപ്പെടുത്തി നേർവഴിക്ക് നയിക്കാൻ സിറ്റി പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ക്ളബിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നത് കുട്ടികളെ ലഹരി മാഫിയയിൽ നിന്ന് രക്ഷിക്കാൻ സഹായകമാകും.
ഷീൻ തറയിൽ, അസി.കമ്മിഷണർ,
ആന്റിനർക്കോട്ടിക് സെൽ