
തിരുവനന്തപുരം: അംഗീകാരം നേടുന്നവരെ ആദരിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർ, ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ അവാർഡിന്റെ വിതരണോദ്ഘാടനം അയ്യങ്കാളി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. രജിസ്ട്രേഷൻ വകുപ്പിൽ ആറുവർഷത്തിനിടെ റിക്കാർഡ് വരുമാനമുണ്ടായത് ഇത്തവണയാണ്. ഡിജിറ്റലൈസേഷൻ ഗുണം ചെയ്‌തതിന്റെ ഉദാഹരണമാണിത്. ആധാരമെഴുത്ത് തൊഴിലാളികളുടെ ആവശ്യങ്ങൾ എല്ലാവരെയും ഉൾക്കൊള്ളിച്ച് ചർച്ചചെയ്ത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായി. ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ 90 ശതമാനം മാർക്കിന് മുകളിൽ നേടിയവർക്കാണ് അവാർഡും മെരിറ്റ് സർട്ടിഫിക്കറ്റും നൽകിയത്. എസ്.എസ്.എൽ.സി വിഭാഗത്തിൽ 4000 രൂപയും പ്ലസ് ടു വിഭാഗത്തിൽ 5000 രൂപയുമാണ് അവാർഡ്.