
തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുമായി ബന്ധമില്ലാതെ, സ്റ്റാൻഡേർഡ് ഗേജിൽ സിൽവർലൈൻ നിർമ്മിക്കുന്നത് അനാവശ്യമാണെന്നും ,നിലവിലെ റെയിൽവേ ലൈൻ ശക്തിപ്പെടുത്തി അതിലൂടെ ടിൽട്ടിംഗ് ട്രെയിൻ ഓടിക്കുകയാണ് വേണ്ടതെന്നും സാദ്ധ്യതാ പഠനം നടത്തിയ സിസ്ട്രയുടെ തലവനായിരുന്ന റെയിൽവേ റിട്ട.ചീഫ് എൻജിനിയർ
അലോക് കുമാർ വർമ്മ പറഞ്ഞു.
നിലവിലെ റെയിൽവേ ലൈനിലൂടെ ഈ ട്രെയിൻ ഓടിക്കാം. ആറു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താനാവും. ഭൂമിയേറ്റെടുക്കേണ്ടി വരില്ല. ചെലവ് 25,000കോടിയിൽ കൂടില്ല. നിലവിലെ ലൈൻ ശക്തിപ്പെടുത്തുകയും സിഗ്നലിംഗ് സംവിധാനം നവീകരിക്കുകയും ചെയ്താൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗം ഉറപ്പാക്കാനാവുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യൻ റെയിൽവേയുമായി ബന്ധിപ്പിക്കാതെ സിൽവർലൈനിനു പിന്നിൽ ചില താൽപര്യങ്ങളുണ്ട്. കേരളത്തിലെ റെയിൽവേ യാത്രക്കാരിൽ കൂടുതലും സംസ്ഥാനത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നവരാണ്. ചരക്ക് നീക്കവും അങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞു.
അലോക് വർമ്മയുടെ നേതൃത്വത്തിലാണ് സെമി ഹൈസ്പീഡ് റെയിൽവേയ്ക്കായി ആദ്യം പഠനം നടത്തിയത്. ഇന്ത്യൻ റെയിൽവേയുടെ 'ബ്രോഡ് ഗേജ്' രീതി സ്വീകരിക്കാതെ സെമി ഹൈസ്പീഡ് റെയിൽവേ 'സ്റ്റാന്റേർഡ് ഗേജി'ൽ നടപ്പാക്കുന്നത് ഗുണകരമാവില്ലെന്ന് കെ-റെയിലിന് റിപ്പോർട്ട് നൽകിയിരുന്നു. ഇങ്ങനെയൊരു റിപ്പോർട്ട് കിട്ടിയില്ലെന്ന് ഇപ്പോൾ പറയുന്ന കെ റെയിൽ എം.ഡി, അഞ്ചു പേജുള്ള മറുപടി ഒപ്പിട്ട് നൽകിയിട്ടുണ്ട്.
റെയിൽവേ ലൈനുകൾ. മഹാരാഷ്ട്രയിലെ അതിവേഗ ലൈൻ ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി ബ്രോഡ് ഗേജിലാണ്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയുണ്ട്. റെയിൽവേ ബോർഡ് ഈ പദ്ധതിക്ക് അനുമതി നൽകി. സിൽവർലൈനിന് റെയിൽവേ ബോർഡ് അംഗീകാരം നൽകാനിടയില്ല. 'ഗേജ്' പ്രധാന പ്രശ്നമാണെന്ന് റെയിൽവേ മന്ത്റി വ്യക്തമാക്കിയത് ഇതിന്റെ സൂചനയാണ്.
മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ല
പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി അലോക് വർമ്മ കൂടിക്കാഴ്ച നടത്തി. സിൽവർലൈനിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ബോദ്ധ്യപ്പെടുത്താൻ മുഖ്യമന്ത്രിയെയും ചീഫ്സെക്രട്ടറിയെയും കാണാൻ അദ്ദേഹം ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഉന്നതഉദ്യോഗസ്ഥരിൽ ആരെയെങ്കിലും കാണാൻ അവസരമൊരുക്കുമെന്ന് ചീഫ്സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല. കെ-റെയിൽ ഉദ്യോഗസ്ഥരെ പിന്നീട് കാണാമെന്ന് അറിയിച്ചെന്ന് അലോക് വർമ്മ പറഞ്ഞു.
ടിൽട്ടിംഗ് ട്രെയിൻ
□വേഗത കുറയ്ക്കാതെ വളവിലും തിരിവിലും ഓടിക്കാനുള്ള സാങ്കേതികവിദ്യ
□വളവിൽ വേഗത കുറയ്ക്കേണ്ടാത്തതിനാൽ 30ശതമാനം സമയ ലാഭം.
□ടിൽട്ടിംഗ് ട്രെയിനുകളുടെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് സ്വിറ്റ്സർലന്റുമായി ഇന്ത്യ കരാറൊപ്പിട്ടിട്ടുണ്ട്.