തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിലും ലൈഡൻ സർവകലാശാലയും നെതർലാൻഡ്സിലെ നാഷണൽ ആർക്കൈയ്വ്സുമായി സഹകരിച്ചുള്ള 'കോസ്‌മോസ് മലബാറിക്കസ്' ഗവേഷണ പദ്ധതിക്ക് ഇന്ന് ധാരണാപത്രം ഒപ്പിടും. മുഖ്യമന്ത്റി പിണറായി വിജയൻ, ഉന്നത വിദ്യാഭ്യാസ മന്ത്റി ഡോ. ആർ ബിന്ദു, നെതർലാൻഡ്സ് അംബാസിഡർ മാർട്ടിൻ വാൻ ടെൻ ബെർഗ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് 12.15ന് മസ്കറ്റ് ഹോട്ടലിൽ ഒപ്പിടൽ.
അന്താരാഷ്ട്ര സാംസ്‌കാരിക നയത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ വിഭാവനംചെയ്ത 'സാംസ്‌കാരിക പൈതൃകപദ്ധതി'യുടെ ഭാഗമാണ് പദ്ധതി. പതിനെട്ടാം നൂറ്റാണ്ടിലെ പുരാരേഖാ ഉപദാനങ്ങളിലാണ് ഗവേഷണം. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ ഉപയോഗിച്ചിരുന്ന ഡച്ച് ഭാഷാ ലിപിയിലായിരുന്നതിനാൽ ഇവയിൽ പലതും ചരിത്രകാരൻമാർക്കും ഗവേഷകർക്കും ദുർഗ്രാഹ്യമാണ്. ഇരുസ്ഥാപനങ്ങളിലുമുള്ള അമൂല്യ ചരിത്രരേഖകളുടെ ഡിജിറ്റൽ രേഖകൾ കേരളത്തിലെ പണ്ഡിതർക്ക് ലഭ്യമാക്കും. രണ്ട് വിദ്യാർത്ഥികൾക്ക് ലൈഡൻ സർവകലാശാലയിലെ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹിസ്റ്ററിയിൽ ഡച്ച് ഭാഷാ പ്രാവീണ്യവും പാലിയോഗ്രഫിയും ഉൾപ്പെടുന്ന പതിനെട്ടു മാസത്തെ എം.എ. പഠനത്തിനും അവസരമൊരുക്കും. നെതർലണ്ടിലെ നാഷണൽ ആർക്കൈയ്വ്സിൽ ഇന്റേൺഷിപ്പുമുണ്ടാവും.