
തിരുവനന്തപുരം: കള്ള് ഷാപ്പുകളുടെ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥന്മാരുടെ തെറ്റായ നയം തിരുത്തുക, അനധികൃത കള്ള് ചെത്തും വിതരണവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം ഡിസ്ട്രിക്ട് ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പട്ടം പി. വാമദേവൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി ഗാന്ധിപുരം നളിനകുമാർ, ട്രഷറർ ബിജു ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു. അട്ടക്കുളങ്ങര ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിന് കെ. ബാബുരാജൻ, എസ്. ലാൽ, കെ. ദിലീപ്, എ. സുധീർ തുടങ്ങിയവർ നേതൃത്വം നൽകി.