തിരുവനന്തപുരം: കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് വാഹനങ്ങൾക്ക് കേട് പാട്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് കവടിയാർ ജംഗ്ഷനിലായിരുന്നു സംഭവം. കവടിയാർ ഭാഗത്തേയ്ക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ ബസ് എതിരെ വന്ന ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മുന്നിൽ ഓടിക്കോണ്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു,​ തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്ത് പാർക്ക് ചെയ്തിരുന്ന നാല് ബൈക്ക് ഇടിച്ച് തെറിപ്പിച്ച്,​ ഫുട്പാത്തിൽ നിന്നിരുന്ന മരത്തിൽ ഇടിച്ചു നിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശം തകർന്നു. ഇടിച്ച കാറിന്റെ മുൻവശം പൂർണമായും തകർന്നു. ബൈക്കുകൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. അപകടത്തേ തുടർന്ന് റോഡിൽ അരമണിക്കൂറോളം ഗതാഗതകുരുക്കുണ്ടായി. നിലവിൽ കാർ ഉടമ മാത്രമാണ് പേരൂർക്കട പൊലീസിൽ പരാതി നൽകിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.