
ഉള്ളൂർ മനോഹരന്റെ 'പറയാതെ പോയവർ" എന്ന പ്രഥമ നോവലിന്റെ രണ്ടാം പതിപ്പ് വായനക്കാരുടെ കൈകളിലെത്തി. ആദ്ധ്യാത്മിക ധാരയിലൂടെ കടന്നുപോകുന്ന ഒരു സർഗാത്മക കൃതിയാണ് 'പറയാതെ പോയവർ." പതിനെട്ട് അദ്ധ്യായങ്ങളിലൂടെ 262 പേജുകളിൽ അനാവരണം ചെയ്യപ്പെടുന്ന നഗ്നയാഥാർത്ഥ്യങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള പാരസ്‌പര്യത്തിന്റെ കഥ കൂടിയാണിത്.
ആത്മീയതയിൽ അധിഷ്‌ഠിതമായ ജീവിതങ്ങൾക്കു പിന്നിലും നെരിപ്പോടിലെ കനലുകൾപോലെ നീറുന്ന അനുഭവങ്ങളുണ്ടെന്ന യാഥാർത്ഥ്യം അനാവരണം ചെയ്യപ്പെടുകയാണ് ഈ കൃതിയിൽ. വിധിയും സാഹചര്യങ്ങളും മാത്രമാണ് വില്ലന്മാർ. മാതൃത്വത്തിന്റെ വിഭിന്ന ഭാവങ്ങളുള്ള അഞ്ചു അമ്മമാരിലൂടെ, അവരുടെ ജീവിത സമ്മർദ്ദങ്ങളുടെ നിഴൽവെളിച്ചങ്ങളെ മനോഹരമായി കഥാകൃത്ത് ഈ കൃതിയിലുടനീളം വിന്യസിച്ചിരിക്കുന്നു. ഇതിലെ സ്വാമിജിയുടേയും സിദ്ധാർത്ഥന്റേയും വാക്കുകൾ പലപ്പോഴും നിരാശയിലും ദുഃഖത്തിലും അകപ്പെട്ടവരെ ഉത്തേജിപ്പിക്കുന്ന കൗൺസലിംഗ് തന്നെയാണ്. സ്‌നേഹബന്ധങ്ങളേയും രക്തബന്ധങ്ങളേയും മാനിക്കാത്ത കാമാസക്തന്മാരെ തുറന്നുകാട്ടിയതും ജീവിതത്തിൽ ചില ധാരണകളും തെറ്റിദ്ധാരണകളും വലിയ മാറ്റങ്ങൾക്കിടയാക്കുമെന്ന് സൂചിപ്പിക്കുന്ന സന്ദർഭങ്ങളും മികവുറ്റതാണ്. വായനക്കാരെ ശരിയേത് തെറ്റേത് എന്ന് സർഗസംഘർഷത്തിലേക്ക് നയിക്കും കഥാഘടന എന്ന കാര്യത്തിൽ സംശയമില്ല. നേർമയുള്ള ഭാഷയിൽ പ്രസക്തമായ ബന്ധങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്ന ആഖ്യാന ശൈലി തുളുമ്പുന്ന സർഗാത്മക രചന പുസ്‌തകത്തിലുടനീളം വായനക്കാരനെ കാത്തിരിക്കുന്നു. മികച്ച വായനാനുഭവം നൽകുന്ന ഒരു സർഗാത്മക കൃതിയാണ് ഉള്ളൂർ മനോഹരന്റെ 'പറയാതെ പോയവർ" എന്ന രചന.