
കൊച്ചി: മറൈൻഡ്രൈവ് വാക്ക്വേയിൽ കോഴിക്കോട് സ്വദേശിയെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പുതുവൈപ്പ് കനത്തപ്പടി വീട്ടിൽ തൻസീർ (26), തോപ്പുംപടി മാളിയേക്കൽ വീട്ടിൽ അമൽ (20) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 9.30നാണ് സംഭവം. വാക്ക്വേയിലൂടെ നടന്നുവരികയായിരുന്ന കോഴിക്കോട് സ്വദേശി റിയാസിനെ പ്രതികൾ തടഞ്ഞു നിറുത്തി ഇരുട്ടുള്ള ഭാഗത്തേക്ക് കൂട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയും ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. റിയാസ് ബഹളം വച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന ആൾ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. മുമ്പും പല സ്റ്റേഷനുകളിലും പ്രതികൾ പൊലീസിനോട് തട്ടിക്കയറുകയും സ്വയം പരിക്ക് ഉണ്ടാക്കുകയും ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രേംകുമാർ, അഖിൽ സിവിൽ പൊലീസ് ഓഫീസർമാരായ ബാബുരാജ് പണിക്കർ, രഞ്ജിത്ത് ആർ. പിള്ള, ബേസിൽ ജോയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.