kannasa

മലയിൻകീഴ് : പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ നേരിൽ കാണാനെത്തിയ ബ്രിട്ടണിലെ മജിസ്ട്രറ്റും കാലാവസ്ഥാവ്യതിയാന പ്രവർത്തകയുമായ കിരൺബാലിയെ വിദ്യാർത്ഥികൾ നെറ്റിയിൽ ചന്ദനം തൊട്ട് സ്വീകരിച്ചു. സ്കൂളിലെ നക്ഷത്രവനം,ചരിത്ര മ്യൂസിയം,ഔഷധ സസ്യതോട്ടം,അറിവുകൾ പകർത്തിയ ചുമരുകൾ എല്ലാം കൺനിറയെ കണ്ട് കിരൺബാലി സന്തോഷം മറച്ച് വയ്ക്കാതെ പറഞ്ഞു.സ്കൂൾ അങ്കണത്തിൽ പൂത്തു നിൽക്കുന്ന ശിംശിപാ വൃക്ഷവും ദേവതാരുവും കടമ്പുവും ഉൾപ്പെടെയുള്ള കാഴ്ചകളെ അവരിൽ കൗതുകമുണ്ടാക്കി.ദേശീയ പതാകയേന്തി വിദ്യാർത്ഥികൾ ചന്ദനം തൊട്ടു സ്വീകരിച്ചത് ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,സ്കൂൾ ഡയറക്ടർ എം.പി.ശ്രീരേഖ,ഹെഡ്മിസ്ട്രസ് സി.ആർ.ശ്രീദേവി,ഇക്കോ ക്ലബ്ബ് കൺവീനർ എ.ജി.അനു,ശിവകൈലാസ് എന്നിവർ പങ്കെടുത്തു.സ്കൂളിൽ കണിക്കൊന്ന നടുകയും 'ഒൺലി വൺ എർത്ത്' പദ്ധതി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.സ്കൂളിന്റെ ഉപഹാരമായി ഓണവില്ല് സമ്മാനിച്ചു.യുണൈറ്റഡ് റിലീജിയസ് ഇനിഷ്യേറ്റീവ് ഏഷ്യാ റീജിണൽ സെക്രട്ടറി ജനറൽ ഡോ.എബ്രഹാം കരിക്കം,എൻ.ജി.സി ജില്ലാ കോ-ഓർഡിനേറ്റർ ബിന്നി സാഹിതി എന്നിവരും കിരൺബാലിയോടൊപ്പമുണ്ടായിരുന്നു.