
നെടുമങ്ങാട്: മികവുറ്റ പരിശീലന സൗകര്യമൊരുക്കി മികച്ച താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മികച്ച കളിസ്ഥലങ്ങൾ ഒരുക്കുന്നതിനാണ് കായിക വകുപ്പ് ശ്രമിക്കുന്നത്. അതിൽതന്നെ പ്രഥമ പരിഗണന ഗ്രാമീണ മേഖലയിലെ കായിക സൗകര്യ വികസനത്തിനാണെന്നും കായിക മന്ത്രി വി.അബ്ദു റഹ്മാൻ പറഞ്ഞു. 47.8 ലക്ഷം രൂപ മുടക്കി പുനർനിർമ്മിക്കുന്ന അരുവിക്കര സ്റ്റേഡിയത്തിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.എസ്.സുനിൽ കുമാർ,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ.ഹരിലാൽ,വാർഡ് അംഗം.ബി.ഗീതാ ഹരികുമാർ, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ്.എസ്.എസ്.സുധീർ തുടങ്ങിയവർ പങ്കെടുത്തു.