1

 കോൺഗ്രസ് പതാക ബലമായി പിടിച്ചുവാങ്ങി നശിപ്പിച്ചു

തിരുവനന്തപുരം: കരിച്ചാറയിൽ നോട്ടീസ് നൽകാതെ ഉദ്യോഗസ്ഥർ കല്ലിടാനെത്തിയത് കാരണമാണ് സംഘർഷാവസ്ഥ ഉടലെടുത്തതെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്ത് രണ്ട് മണിക്കൂറോളം പൊലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. കോൺഗ്രസ് പ്രവർത്തകന്റെ കൈയിൽ നിന്ന് പാർട്ടി പതാക പൊലീസ് ബലമായി പിടിച്ചുവാങ്ങി നശിപ്പിച്ചെന്നും ആരോപണമുയർന്നു.

പതാക നിലത്തിട്ടശേഷം ബൂട്ടിട്ട് ചവിട്ടിയെന്നാണ് പ്രവർത്തകർ പറയുന്നത്. സിൽവർലൈനിന് കല്ലിടാൻ ഇന്നലെ രാവിലെ 10ഓടെയായിരുന്നു കണിയാപുരം കരിച്ചാറയിൽ കെ - റെയിൽ ഉദ്യോഗസ്ഥരെത്തിയത്. ഡെപ്യൂട്ടി തഹസിൽദാർ ഷിബുകുമാറിന്റെയും ഹെഡ് സർവേയർ രാജേന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശത്തെത്തിയത്. വീടിനുള്ളിൽ കല്ല് സ്ഥാപിക്കാനുള്ള ശ്രമം സ്ത്രീകളും കുട്ടികളും തടഞ്ഞു. ഇവരെ പൊലീസിന്റെ സഹായത്തോടെ തള്ളിമാറ്റി കല്ലിടൽ ആരംഭിച്ചപ്പോഴാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. കോൺഗ്രസ് പ്രവർത്തകൻ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം കുഴിവിള വീട്ടിൽ ജോയി പള്ളിപ്പുറത്തിനെ മംഗലപുരം സ്റ്റേഷനിലെ സി.പി.ഒ ഷബീർ വയറ്റിൽ ചവിട്ടുന്ന ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

പ്രതിഷേധം കനത്തതിന് പിന്നാലെ ഉച്ചയ്ക്ക് 12ഓടെ ഉദ്യോഗസ്ഥർ സർവേ താത്‌കാലികമായി നിറുത്തിവയ്‌ക്കുന്നതായി അറിയിച്ച് മടങ്ങുകയായിരുന്നു. തങ്ങളാരെയും മനപ്പൂർവം ആക്രമിച്ചിട്ടില്ലെന്ന പൊലീസിന്റെ വിശദീകരണത്തിൽ പ്രദേശവാസികൾ തൃപ്‌തരല്ല. നഗരത്തിൽ ഇതുവരെ സിൽവർലൈൻ നടപടികൾ തുടങ്ങിയിട്ടില്ല. ജില്ലയിൽ സർവേ നടന്ന ചിറയിൻകീഴ്,വർക്കല,കണിയാപുരം എന്നിവിടങ്ങളിൽ ശക്തമായ പ്രതിഷേധമാണുണ്ടായത്. ഒരുമാസം മുമ്പ് കരിച്ചാറയിൽ സർവേ നടന്നപ്പോഴുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് കല്ലിടൽ നിറുത്തിവച്ചിരുന്നു.

പാർട്ടി കോൺഗ്രസ്

കഴിഞ്ഞപ്പോൾ കല്ലിടൽ

മാർച്ച് 25നാണ് സർവേയുമായി ബന്ധപ്പെട്ട കല്ലിടൽ നടപടികൾ തത്കാലം നിറുത്തിവയ്‌ക്കാൻ സർക്കാർ തീരുമാനിച്ചത്. സി.പി.എം പാർട്ടി കോൺഗ്രസ് ഏപ്രിൽ ആദ്യവാരം നടക്കുന്നതിനാൽ പ്രതിഷേധങ്ങളുണ്ടാകുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നായിരുന്നു സി.പി.എം വിലയിരുത്തൽ.