
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ നിന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നവർ എമിഗ്രേഷൻ ക്ലിയറൻസിനായി ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട. നാലും അതിലേറെയും വിമാനങ്ങൾ തുടരെത്തുടരെയെത്തുന്ന പുലർകാലത്ത് എമിഗ്രേഷൻ കൗണ്ടറുകളുടെ കുറവു കാരണം മൂന്ന് മണിക്കൂറോളം യാത്രക്കാർ ക്യൂവിൽ കാത്തുനിൽക്കേണ്ട സ്ഥിതിയായിരുന്നു. ഈ ദുരിതം വിമാനത്താവള നടത്തിപ്പുകാരായ അദാനിഗ്രൂപ്പ് ചൂണ്ടിക്കാട്ടിയതോടെ,കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ നിയന്ത്രണത്തിലുള്ള എമിഗ്രേഷൻ വിഭാഗം കൂടുതൽ കൗണ്ടറുകൾ ആരംഭിച്ചു. ഏപ്രിലിലെ ആദ്യ ദിവസങ്ങളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 4000ന് മുകളിലെത്തിയിട്ടുണ്ട്.
വിമാനത്താവളത്തിലെ അന്താരാഷ്ട്ര അറൈവൽ ടെർമിനലിൽ ഒമ്പത് എമിഗ്രേഷൻ കൗണ്ടറുകൾ കഴിഞ്ഞദിവസം തുറന്നു. നേരത്തേ നാല് കൗണ്ടറുകളാണുണ്ടായിരുന്നത്.കൂടുതൽ ഉദ്യോഗസ്ഥരെ ഇമിഗ്രേഷൻ കൗണ്ടറുകളിലേയ്ക്ക് നിയോഗിച്ചു.അവധിക്കാലത്ത് യാത്രക്കാരുടെ തിരക്കേറുന്നതിനാൽ എമിഗ്രേഷൻ കൗണ്ടറുകളിൽ സഹായിക്കാൻ എക്സിക്യുട്ടീവുകളെ നിയോഗിക്കും.എമിഗ്രേഷൻ ക്ലിയറൻസിന്റെ വേഗം കൂട്ടണമെന്ന് വിമാനത്താവള സി.ഇ.ഒ ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടികൾ.
പുലർച്ചെ രണ്ടു മുതൽ ആറുവരെയാണ് ഗൾഫിൽ നിന്നടക്കം വിമാനങ്ങൾ കൂട്ടത്തോടെ എത്തുന്നത്. 300യാത്രക്കാർ വരെയുള്ള എമിറേറ്റ്സ് വിമാനങ്ങൾ വരെ ഈ സമയത്ത് എത്താറുണ്ട്.കൊവിഡ് നിയന്ത്രണം ഒഴിവാക്കിയതോടെ, ഭൂരിഭാഗം രാജ്യാന്തര സർവീസുകളും പുനരാരംഭിക്കുകയും കൂടുതൽ സർവീസുകൾ തുടങ്ങുകയും ചെയ്തു.യാത്രക്കാർ കൂട്ടത്തോടെ എത്തുന്നെങ്കിലും എമിഗ്രേഷൻ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരുന്നില്ല.ഇതോടെ മണിക്കൂറുകൾ യാത്രചെയ്ത് വിദേശത്തുനിന്നെത്തുന്നവർ വീണ്ടും മണിക്കൂറുകൾ വരിനിൽക്കേണ്ട സ്ഥിതിയായി.
നിത്യേനയുള്ള യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് എമിഗ്രേഷൻ കൗണ്ടറുകളും ജീവനക്കാരെയും നിശ്ചയിക്കുന്നതെന്ന് എമിഗ്രേഷൻ അധികൃതർ പറഞ്ഞു. പുലർച്ചെയുള്ള തിരക്ക് ഒഴിവാക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. നാല് വിമാനങ്ങളിൽ ശരാശരി 800പേരെത്തിയാലും വേഗത്തിൽ ക്ലിയറൻസ് നൽകാനാവുമെന്നും അധികൃതർ പറഞ്ഞു.
1600 യാത്രക്കാരെയേ അന്താരാഷ്ട്ര ടെർമിനലിൽ ഉൾക്കൊള്ളാനാവൂ.അറൈവൽ,ഡിപ്പാർച്ചർ ടെർമിനലുകളിൽ 800പേരെ വീതം.കൂടുതൽ സ്ഥലമേറ്റെടുത്ത് ടെർമിനലിന്റെ വലിപ്പം കൂട്ടണമെന്ന ശുപാർശ വർഷങ്ങളായുണ്ട്. 1.2 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് മാർച്ചിലുണ്ടായത്. കഴിഞ്ഞ ഏപ്രിലിൽ 67919 യാത്രക്കാർ മാത്രം.
540
സർവീസുകളാണ് ആഴ്ചയിൽ തിരുവനന്തപുരത്തു നിന്നുള്ളത്. നേരത്തേ ഇത് 348ആയിരുന്നു.
138
അന്താരാഷ്ട്ര സർവീസുകൾ പ്രതിവാരമുണ്ട്. ഷാർജയിലേക്ക് മാത്രം 30സർവീസുകളുണ്ട്.