generala-hospital

ഡോ. സുകേഷ് രാജ് പുതിയ ഡെപ്യൂട്ടി സൂപ്രണ്ട്

മറ്റ് സുപ്രധാന ചുമതലകളുള്ളവരെയും മാറ്റിയേക്കും

തിരുവനന്തപുരം :കാത്ത് ലാബ് മാസങ്ങളോളം അടച്ചിടുകയും സാധാരണക്കാരായ രോഗികൾക്ക് ചികിത്സനിഷേധിക്കുകയും ചെയ്ത സംഭവത്തിൽ ജനറൽ ആശുപത്രിയിൽ കൂടുതൽ കർശന നടപടികളുമായി മന്ത്രി വീണാജോർജ്. സൂപ്രണ്ടിന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഷീലയെ സ്ഥാനത്ത് നിന്ന് മാറ്റി.

കാത്ത് ലാബ് പൂട്ടിയതോടെ രോഗികൾക്കുണ്ടായ ദുരിതത്തെക്കുറിച്ച് കേരളകൗമുദി തിങ്കളാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.അന്നേദിവസം വൈകിട്ട് മന്ത്രി വീണാജോർജിന്റെ അദ്ധ്യക്ഷതയിൽ ആശുപത്രിയുടെ അവലോകന യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. സുകേഷ് രാജാണ് പുതിയ ഡെപ്യൂട്ടി സൂപ്രണ്ട്. അദ്ദേഹം ഇന്ന് ചുമതലയേൽക്കും. ഷീലയെ ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസറായി മാറ്റി നിയമിച്ചു.

തിങ്കളാഴ്ച നടന്ന യോഗത്തിൽ അധികൃതരുടെ കെടുകാര്യസ്ഥത മനസിലായ മന്ത്രി രൂക്ഷമായ ഭാഷയിലാണ് മുന്നറിയിപ്പ് നൽകിയത്. ബുധനാഴ്ച കാത്ത് ലാബ് തുറക്കുകയും രോഗികളെ ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിക്കും വിധേയമാക്കാനും തുടങ്ങി. ആശുപത്രിയിലെ മറ്റു പല വിഭാഗങ്ങളിലും ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും നടപടി വരുംദിവസങ്ങളിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സുപ്രധാന ചുമതലകളിലുള്ള കൂടുതൽ പേരെ മാറ്റിയേക്കും. ആശുപത്രിയിലെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കുന്നതിൽ ഗുരുതരമായ പ്രശ്നങ്ങളുള്ളതായാണ് ആക്ഷേപം.സാമ്പത്തിക ക്രമക്കേടുകളും ഫണ്ടുകൾ വകമാറ്റി ഉപയോഗിക്കുന്നതും പതിവാകുന്നുവെന്ന പരാതികളും ആശുപത്രിയിൽ നിന്ന് ഉയർന്നിട്ടുണ്ട്. അതേസമയം ഒരാഴ്ച്ചക്കുള്ളിൽ ഡോക്ടർമാരുടെ പൊതുസ്ഥലം മാറ്റ ഉത്തരവിറങ്ങുന്നതോടെ ആശുപത്രിക്ക് പുതിയ സൂപ്രണ്ടും ഉടനെത്തും.