തിരുവനന്തപുരം: അഞ്ചു പതിറ്റാണ്ട് പിന്നിട്ട അഭിഭാഷകവൃത്തിക്ക് തിരശീല വീഴുമ്പോൾ ,ചെറുന്നിയൂർ പി.ശശിധരൻ നായർ എന്ന അതികായൻ നിയമവാഴ്ചയിൽ അജയ്യനായി തുടർന്നതിനുപിന്നിൽ കഠിനാദ്ധ്വാനമെന്ന ഒറ്റ കാരണമേയുള്ളു. എതിർപക്ഷത്ത് നിന്നവരെ പോലും വാക് ചാതുര്യം കൊണ്ട് ആരാധകരാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിസ്തരിക്കുമ്പോഴും സർ എന്നുവിളിച്ചുമാത്രമെ അദ്ദേഹം അഭിസംബോധന ചെയ്തിരുന്നുള്ളു.

ചെന്നെത്തിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഒരിക്കൽപ്പോലും വലിയ പദവികൾ ആഗ്രഹിച്ചിട്ടില്ല, വാഗ്ദാനങ്ങൾ വന്നപ്പോഴും അതൊക്കെ ചിരിച്ചുകൊണ്ട് തള്ളിക്കളയുകയായിരുന്നു . സി.പി.എം അംഗമായി 56 വർഷം പിന്നിടുമ്പോഴും എളിയ പാർട്ടി പ്രവർത്തകനായി തുടരാനാണ് ആഗ്രഹിച്ചത്. സഹപ്രവർത്തകരുടെ നിർബന്ധങ്ങളോട് മുഖം തിരിക്കാനാവാതിരുന്നതോടെ ട്രേഡ് യൂണിയൻ നേതൃ നിരയിലേക്കും പ്രവർ‌ത്തന മേഖല വ്യാപിപ്പിച്ചു. അഭിഭാഷകനെന്നതിലുപരി സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ ജീവകാരുണ്യ പ്രവർ‌ത്തനത്തിലും പങ്കാളിയായി. നിയമോപദേശത്തിനായി മൂന്ന് പതിറ്റാണ്ടായി വി.എസ് അച്യുതാനന്ദൻ എന്നും ആശ്രയിച്ചിരുന്നത് ചെറുന്നിയൂരിനെയായിരുന്നു. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ വി.എസ് അച്യുതാനന്ദനെ ആശ്വസിപ്പിക്കാൻ മുൻപന്തിയിലുണ്ടായിരുന്നതും ചെറുന്നിയൂരായിരുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധമാണ് ഇത് വെളിവാക്കുന്നത്. അസുഖ ബാധിതനായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ചെറുന്നിയൂരിന്റെ കുടുംബാംഗങ്ങൾക്ക് ആശ്വാസം പകരാൻ വി.എസിന്റെ മകൻ വി.എ അരുൺകുമാർ രണ്ടുദിവസമായി ഇവർക്കൊപ്പമുണ്ടായിരുന്നതും ഒടുവിൽ സോളാർ വിഷയത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ 10.10 ലക്ഷം രൂപ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധിക്ക് സ്റ്റേ വാങ്ങി നൽകിയതും ചെറുന്നിയൂരായിരുന്നു. വൈകിട്ട് അഞ്ചോടെ വഞ്ചിയൂരിലെ വസതിയിലെത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരായ പി.രാജീവ് ,എം.വി ഗോവിന്ദൻ, ആന്റണി രാജു തുടങ്ങിയവരും ട്രേഡ് യൂണിയൻ നേതാക്കളും ശിഷ്യരും സഹപ്രവർത്തകരും നാട്ടുകാരുമെത്തി. ഇന്ന് ഉച്ചവരെ വസതിയിൽ പൊതുദർശനം തുടരും.

30 വർഷമായുള്ള ബന്ധം

അച്ഛനുമായി ചെറുന്നിയൂർ അങ്കിളിന് മുപ്പത് വർഷത്തെ ആത്മബന്ധമാണെന്ന് വി.എ അരുൺകുമാർ കേരളകൗമുദിയോട് പറഞ്ഞു. എന്നും ബന്ധപ്പെടുന്ന കുടുംബ സുഹൃത്തായിരുന്നു അദ്ദേഹം. അങ്കിളിന്റെ വിയോഗ വാർത്ത അച്ഛനെ അറിയിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകൾ ബുദ്ധിമുട്ടിക്കുന്നതിനാൽ യാത്ര ഒഴിവാക്കുകയായിരുന്നു. അച്ഛൻ ഭരണ പരിഷ്കാര കമ്മിഷനായിരുന്നപ്പോൾ വിജിലൻസ് നവീകരണത്തിന് സുപ്രധാന നിയമോപദേശങ്ങൾ നൽകിയതും അങ്കിളായിരുന്നു- അരുൺകുമാർ പറഞ്ഞു.

തനിക്ക് അവാർ‌ഡ് നൽകിയത് ചെറുന്നിയൂർ

തന്റെ കലാജീവിതത്തിലെ പ്രഥമ അവാർഡ് നൽകിയ വ്യക്തിയായിരുന്നു ചെറുന്നിയൂരെന്ന് നടനും സംവിധായകനും എഴുത്തുകാരനുമായ പി.ശ്രീകുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ ബന്ധുകൂടിയാണ് ചെറുന്നിയൂർ പി.ശശിധരൻ നായർ. ഇടതുപക്ഷ സംഘടനയായ മാസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാപരിപാടികളിലായിരുന്നു മികച്ച സംവിധായകനും നടനും തുടങ്ങി അഞ്ച് അവാർഡുകളാണ് അദ്ദേഹം നൽകിയത്. 1970കളിലായിരുന്നു.

അഴിമതികൾക്ക് കുടപിടിക്കാതെ

തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായിരിക്കെ വി.എസ്.ജയകുമാർ നടത്തിയ അഴിമതികൾ പുറത്തുകൊണ്ടുവന്നത് ബോർഡ് നിയോഗിച്ച അഡ്വ.ചെറുന്നിയൂർ പി.ശശിധരൻ നായർ കമ്മിഷനായിരുന്നു. ശബരിമലയിലേക്ക് പാത്രങ്ങളും മറ്റും വാങ്ങിയതിൽ 1.81 കോടി രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ ജയകുമാറിന്റെ 50 ശതമാനം പെൻഷൻ സ്ഥിരമായി തടഞ്ഞ് ദേവസ്വം ബോർഡ് ഉത്തരവിറക്കിയിരുന്നു. കോൺഗ്രസ് നേതാവും മുൻ ആരോഗ്യമന്ത്രിമായിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്ററുടെ രാജിയിലേക്ക് നയിച്ച അഴിമതിക്കേസിൽ പരാതിക്കാരനായി ലോകയുക്തയിൽ ഹാജരായതും ചെറുന്നിയൂരായിരുന്നു.