തിരുവനന്തപുരം:ടോയ്ലെറ്റ് മാലിന്യ ശേഖരണത്തിന് പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്ന യൂസർ ഫീ വർദ്ധിപ്പിക്കാൻ നഗരസഭ തീരുമാനം. നിലവിലെ നിരക്കിൽ നിന്ന് 250 രൂപ കൂട്ടാനുള്ള ആരോഗ്യകാര്യ സ്ഥിരം സമിതിയുടെ ശുപാർശ കൗൺസിൽ അംഗീകരിച്ചു. ഡീസൽ വില വർദ്ധനവിന്റെ പേരിലാണ് യൂസർഫീ വർദ്ധന. ഡീസൽ വില 55 രൂപയായിരുന്നപ്പോഴുള്ള നിരക്കാണ് നിലവിൽ ഈടാക്കുന്നതെന്നും സ്‌പെയർ പാർട്സുകളുടെ വില വർദ്ധന കാരണം സർവീസ് നഷ്ടത്തിലാണെന്നും കാണിച്ച് ജില്ലാ സെപ്‌റ്റേജ് ടാങ്കർ വർക്കേഴ്സ് യൂണിയൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് ശുപാർശ ചെയ്തത്. 5000 ലിറ്റർ വരെ 3000 രൂപ, 5001 മുതൽ 7500 ലിറ്റർ വരെ 4000 രൂപ, 7500 മുകളിൽ 6000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ.