sathesan

തിരുവനന്തപുരം: കൊള്ളക്കാരായ ഓഫീസർമാരെ നിലയ്ക്ക് നിറുത്തിയില്ലെങ്കിൽ ജനങ്ങളുടെ മേലുള്ള ബാദ്ധ്യത കൂടുമെന്നും ഇടത് സർക്കാർ കെ.എസ്.ഇ.ബിയെ 14000 കോടി രൂപ കടത്തിലാക്കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ.എസ്.ഇ.ബിയിലെ ഐ.എൻ.ടി.യു.സി, എസ്.ടി.യു സംഘടനകൾ സംയുക്തമായി നടത്തിയ വൈദ്യുതി ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷക്കാലം എം.എം. മണിയെ ഷോക്കേസിൽ ഇരുത്തി ഭരിച്ച ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസങ്ങളിൽ സമരം ചെയ്തിരുന്നത്. മന്ത്രിയേയും ചെയർമാനേയും അനുസരിക്കാത്ത ഓഫീസർമാരെ നിലയ്ക്ക് നിറുത്തണം. കെ.എസ്.ഇ.ബിയിലെ വർക്കർ ലൈൻമാൻമാരുടെ പ്രമോഷൻ കാര്യത്തിൽ സുപ്രീംകോടതി വിധിയിൽ ഉത്തരവിറക്കാതെ പ്രമോഷൻ തടഞ്ഞത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി. ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. പാലോട് രവി, അഡ്വ. ജി. സുബോധൻ, അഡ്വ. സിബിക്കുട്ടി ഫ്രാൻസിസ്, ചാല നാസർ, ആനാട് ജയൻ, കെ.സി. രാജൻ, സുധീർ കുമാർ, കഴിവൂർ സുരേഷ്, യമുന എന്നിവർ പ്രസംഗിച്ചു.