accident

തിരുവനന്തപുരം: വാഹന അപകട റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന് വാഹന പരിശോധനയ്ക്കുള്ള അപേക്ഷകൾ ഇനി വാദിയുടെയോ പ്രതിയുടെയോ കൈവശം ആർ.ടി ഓഫീസിലേക്ക് പൊലീസ് കൊടുത്തു വിടരുതെന്ന് ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു. പൊലീസ് സ്റ്റേഷനുകളിൽ നിന്ന് അപേക്ഷകൾ രേഖാമൂലം ആർ.ടി ഓഫീസിലെത്തിക്കണം.

കൊല്ലം ട്രാഫിക് പൊലീസ് സ്റ്റേഷൻ, കൊല്ലം ജോയിന്റ് ആർ.ടി.ഓഫീസ് എന്നിവിടങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. അപേക്ഷകൾ വ്യക്തികളുടെ കൈവശം കൊടുത്തയയ്ക്കുന്നത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് അഴിമതി നടത്താൻ അവസരമുണ്ടാക്കും. അപേക്ഷകൾ ആർ.ടി. ഓഫീസുകളിലെ രജിസ്റ്ററിൽ പോലും രേഖപ്പെടുത്താറില്ല. ഫോമുകൾ ഇൻസ്പെക്ടർമാർ സ്വന്തമായി പ്രിന്റ് ചെയ്ത് സൂക്ഷിക്കുന്നു. ഇവയിൽ ക്രമനമ്പറും ബുക്ക് നമ്പറും രേഖപ്പെടുത്തുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി.