തിരുവനന്തപുരം: സ്പീക്കർ എം.ബി. രാജേഷിന്റെ പേരും ചിത്രമുപയോഗിച്ച് വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി പണം തട്ടിപ്പ് നടത്തുന്നതിനെക്കുറിച്ച് സൈബർ പൊലീസ് അന്വേഷണം തുടങ്ങി. 7240676974 നമ്പറിലാണ് സ്പീക്കറുടെ പേരും ചിത്രവുമുപയോഗിച്ച് വാട്സ്ആപ് ഉണ്ടാക്കിയത്.

മുൻമന്ത്രി കെ.പിമോഹനൻ ഈ വാട്സ്ആപ്പിൽ നിന്ന് തന്നോട് രാജേഷിന്റെ പേരു പറഞ്ഞ് 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് അറിയിച്ചതോടെ സ്പീക്കർ ഡിജിപിക്ക് പരാതി നൽകി. കേരളത്തിന് പുറത്തു നിന്നാണ് അക്കൗണ്ടുണ്ടാക്കിയതെന്ന് സൈബർ പൊലീസ് കണ്ടെത്തി. മുഖ്യമന്ത്രിയുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും പേരിലും വ്യാജ അക്കൗണ്ടുണ്ടാക്കിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

തന്റെ പുതിയ നമ്പറാണിതെന്നും സേവ് ചെയ്യണമെന്നുമുള്ള സന്ദേശമാണ് ആദ്യം അയക്കുന്നതെന്നും പിന്നീട് സഹായാഭ്യർത്ഥന നടത്തുകയാണ് തട്ടിപ്പുകാരുടെ രീതിയെന്നും എം.ബി.രാജേഷ് പറഞ്ഞു. ഇങ്ങനെയൊരു നമ്പറോ വാട്സ്ആപ് അക്കൗണ്ടോ തനിക്കില്ല. തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലർത്തണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു.